ന്യൂഡൽഹി: ചുണ്ടനക്കി പാട്ടുപാടി പുലിവാല് പിടിച്ച മെഗാതാരം മോഹൻലാലിന്റെ കഥ അങ്ങ് ചൈനയിലും അറിഞ്ഞുവോ? ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയയാതു കൊണ്ട് തന്നെ ലാലിസത്തിലെ വിവാദം ദേശീയ മാദ്ധ്യമങ്ങളും ചർച്ചയാക്കിയിരുന്നു. ചുണ്ടനക്കി പാടിയാലും നേരത്തെ റിക്കോർഡ് ചെയ്തത് തന്റെ ശബ്ദം തന്നെയാണല്ലോ എന്ന ന്യായമുയർത്തി മലയാളിയുടെ സൂപ്പർതാരം പിടിച്ചു നിൽക്കുകയും ചെയ്തു. ചുണ്ടനക്കി പാട്ടുപാടുകയും റിക്കോർഡ് കേൾപ്പിക്കുകയും ചെയ്യുന്നത് കലയാണെന്നും വാദിച്ചു. അതിന് വ്യാപക അംഗീകാരവും ആരാധകർ നൽകി. ഇനി ചൈനയിലെ കഥ കേട്ടു നോക്കൂ.

ലാലിസത്തിൽ നിന്നാണോ എന്ന അറിയില്ല ചൈനയിലെ സുപ്രസിദ്ധ പോപ് ഗായികയും ചുണ്ടനക്കി പാട്ടുപാടുന്നതിന്റെ സാധ്യത പരീക്ഷിച്ചു. നാടോടി പാട്ടുമായി പോപ് സംഗീതത്തിൽ പുത്തൻ വഴി വെട്ടിത്തെളിച്ച സാ ഡിങ്ഡിങാണ് വിവാദത്തിൽപ്പെട്ടത്. ചൈനീസ് പോപ് ഗായികയായ ഈ മംഗോളിയക്കാരി പുലിവാല് പിടിച്ചത് ലോകപ്രശസ്തമായ ലാൻ റ്റേർൺ ഫെസ്റ്റിലവലിനിടെയാണ്. സിസിടിവി 15 ചാനൽ പാട്ട് തൽസമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇത് കണ്ടവരെല്ലാം ഞെട്ടി. ഗായിക മൈക് തിരിച്ചാണ് പിടിച്ചിരിക്കുന്നത്. എന്നിട്ടും എല്ലാം വൃത്തിയും വെടിപ്പുമോടെ കേൾക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ലാലിസത്തിന് സമാനമായത് സംഭവിച്ചെന്ന് വ്യക്തമായത്.

പക്ഷേ കേരളത്തിലെ പോലയല്ല കാര്യങ്ങൾ ചുണ്ടനക്കിയുള്ള കലാപ്രകടനങ്ങൾക്ക് ചൈനയിൽ വിലക്കുണ്ട്. ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ ചുണ്ടനക്കൽ വിവാദം വലിയ ചർച്ചയായി. ഇതോടെയാണ് നിരോധനമെത്തിയത്. അതുകൊണ്ട് തന്നെ ചൈനയിലെ പോപ് ഗായിക പുലിവാല് പിടിക്കുമെന്ന് ഉറപ്പാണ്. ഈ ഗായികയക്ക് വലിയ പിഴ അടക്കേണ്ടി വരും. ഭാവിയിൽ പരിപാടി കിട്ടാനും ബുദ്ധിമുട്ടാകും. ടിവി വിഡിയോ പുറത്തുവന്നതാണ് ഈ വിനകൾക്ക് കാരണം. എന്ത് ശിക്ഷയാണ് ഗായികയ്ക്ക് നൽകേണ്ടതെന്ന് ചൈനീസ് ഭരണകൂടമാകും തീരുമാനിക്കുക. നിലവിലെ സാഹചര്യത്തിൽ കടുകട്ടിയായിരിക്കും ഇതെന്നാണ് സൂചന.

പാട്ടിനൊപ്പം നൃത്തം ഉണ്ടായിരുന്നു. പാട്ടുപാടാൻ തുടങ്ങുമ്പോൾ മൈക്ക് തിരിച്ചു പിടിക്കുകയായിരുന്നു. എന്നിട്ടും പാട്ട് വ്യക്തം. തെറ്റ് മനസ്സിലാക്കി മൈക്ക് നേരേ പിടിക്കുന്നതും വ്യക്തമാണ്. കള്ളക്കളി പുറത്തായതോടെ ആരാധകരോട് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. അടുത്ത തവണ തന്റെ അഭിനയ മികവുകൾ നേരെയാക്കി എത്താമെന്നായിരുന്നു ആരാധകർക്ക് നൽകിയ ഉറപ്പ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇത്. എന്നാൽ വിവാദമായതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു. ബിബിസി റേഡിയോയുടെ 2008ലെ മ്യൂസിക് അവാർഡ് നേടിയ ഗായികയാണ് വിവാദങ്ങളിലെ നായിക. ഏഷ്യാ പെസഫിക്കിലെ മികച്ച ഗായികയായും തെരഞ്ഞെടുത്തിട്ടുണ്ട്.

ചുണ്ടനക്കി പാട്ടുപാടിയതിന് 2010ൽ രണ്ട് പ്രമുഖ പാട്ടുകാർക്ക് ചൈന പിഴ ഈടാക്കിയിരുന്നു. 9 ലക്ഷം രൂപയായിരുന്നു അന്നത്തെ പിഴ. ഇന്നത് അതിലും ഇരട്ടിയാകുമെന്നാണ് സൂചന.