- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജി വയ്ക്കാൻ ഒരുങ്ങി തിരുവഞ്ചൂർ; സത്യം പറഞ്ഞതിൽ ഖേദിച്ച് ചീഫ് സെക്രട്ടറി; സമാധാനിപ്പിച്ച് മടുത്ത് ഉമ്മൻ ചാണ്ടി; ബാർകോഴയെക്കാൾ വലിയ കുരുക്കായി ലാലിസം
തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന്റെ പോരായ്മകളിൽ സർക്കാരിനുള്ളിൽ നിന്ന് ഇനി പഴികേൾക്കേണ്ടി വന്നാൽ രാജി വയ്ക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതുകൊണ്ട് തന്നെ ഗെയിംസ് നടത്തിപ്പിൽ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഇടപെടലുകൾ ഇനി ഉണ്ടാവില്ല. അതിനിടെ ലാലിസത്തേക്കാൾ വലിയ കുരുക്കിൽ സർക്കാർ പെട്ടിട്ടില്ലെന്ന നിലപാ
തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന്റെ പോരായ്മകളിൽ സർക്കാരിനുള്ളിൽ നിന്ന് ഇനി പഴികേൾക്കേണ്ടി വന്നാൽ രാജി വയ്ക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതുകൊണ്ട് തന്നെ ഗെയിംസ് നടത്തിപ്പിൽ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഇടപെടലുകൾ ഇനി ഉണ്ടാവില്ല. അതിനിടെ ലാലിസത്തേക്കാൾ വലിയ കുരുക്കിൽ സർക്കാർ പെട്ടിട്ടില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എത്തിക്കഴിഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിന്നാലേ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയൂ എന്നാണ് നിലപാട്. ഗെയിംസ് കഴിഞ്ഞാലുടൻ അഴിതി ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കേണ്ടിയും വരും. ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാകുന്ന തരത്തിലാകും അന്വേഷണമെന്നാണ് സൂചന.
ലാലിസത്തിന്റെ തുകയായ ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ ചെക്ക് മോഹൻ ലാൽ സർക്കാരിന് അയച്ചു കൊടുത്തിട്ടുണ്ട്. അത് എന്തുചെയ്യുമെന്നതാണ് പുതിയ പ്രശ്‌നം. അതു തിരിച്ചയയ്ക്കുന്നത് എങ്ങനെ എന്നതാകും ഇനി സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ഇതോടൊപ്പം സമാപന ചടങ്ങുമായി സഹകരിക്കാൻ പ്രധാന കലാകാരന്മാരെ ഒന്നും കിട്ടാത്തതും പ്രശനങ്ങൾ സങ്കീർണ്ണമാക്കുന്നു.
ഇന്നലെ മന്ത്രിസഭ ചേരുന്നതിനു തൊട്ടുമുൻപ്, ഗെയിംസ് വർക്കിങ് ചെയർമാൻ സ്ഥാനം രാജിവച്ചുള്ള കത്തുമായി മന്ത്രി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ കാണാനെത്തി. ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. തിരുവഞ്ചൂർ എത്തുന്നതിനു മുൻപുതന്നെ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയെ കണ്ടിരുന്നു. തിരുവഞ്ചൂരിന്റെ പരാതി കേട്ടശേഷം ചീഫ് സെക്രട്ടറിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിക്കുകയും അസന്തുഷ്ടി വ്യക്തമാക്കുകയും ചെയ്തു. അതിനുശേഷമാണു മന്ത്രിസഭാ യോഗം ചേർന്നത്. എന്നിട്ടും മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം പ്രതിഫലിച്ചു. മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറിയെ തിരുവഞ്ചൂർ രൂക്ഷമായി വിമർശിച്ചു.
സർക്കാരിനെ വിഷമത്തിലാക്കുന്ന പരസ്യപ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറിയെ താക്കീതുചെയ്യണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഗെയിംസ് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ആലോചനാ യോഗം ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തു. ചാനലുകാരെ വിളിച്ചുവരുത്തിയതാണ്. സെക്രട്ടേറിയറ്റിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരം സംഭവം. ഭാവിയിലും മാദ്ധ്യമങ്ങളോടു സംസാരിക്കുന്നതിൽ നിയന്ത്രണം വേണമെന്നു തിരുവഞ്ചൂർ പറഞ്ഞു. മറ്റു മന്ത്രിമാരും തിരുവഞ്ചൂരിനെ പിന്താങ്ങി. ചീഫ് സെക്രട്ടറി ഈ രീതിയിൽ മാദ്ധ്യമങ്ങളോടു സംസാരിച്ചതു തെറ്റായെന്നു മന്ത്രിമാർ കുറ്റപ്പെടുത്തി.
ഉദ്ഘാടനച്ചടങ്ങിലെ പോരായ്മകൾ സമാപനച്ചടങ്ങിൽ ആവർത്തിക്കാതിരിക്കാനാണു താൻ യോഗം വിളിച്ചതെന്നും സദുദ്ദേശ്യത്തോടെ ചെയ്ത നടപടിയായി അതിനെ കാണണമെന്നും ജിജി തോംസൺ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോടു സംസാരിച്ചതു തെറ്റായി. അവർ തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു. അതിൽ ദുഃഖവും വിഷമവുമുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രശ്‌നം തുടങ്ങിയത്. മുഖ്യമന്ത്രിയെ കാണാൻ മന്ത്രി തിരുവഞ്ചൂരെത്തി. അതിനുമുമ്പ് തന്നെ ചീഫ് സെക്രട്ടറി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് ആദ്യം കയറിയത് തിരുവഞ്ചൂരാണ്.
ദേശീയ ഗെയിംസ് ഗവേണിങ് ബോഡിയുടെ വർക്കിങ് ചെയർമാൻ കായികമന്ത്രിയാണെന്നിരിക്കെ ചീഫ് സെക്രട്ടറിക്ക് ഇക്കാര്യത്തിൽ പത്രസമ്മേളനം നടത്താൻ എന്തധികാരമാണുള്ളതെന്നും സമിതിയുടെ ചുമതലയിൽ താൻ ഇനി തുടരേണ്ടതുണ്ടോയെന്നും തിരുവഞ്ചൂർ മുഖ്യമന്ത്രിയോട് ചോദിച്ചു. രാജിക്കത്തുകൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. പ്രശ്‌നം മന്ത്രിസഭായോഗത്തിൽ വിശദമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിനുപിന്നാലെ, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ടു. മന്ത്രിസഭാ യോഗത്തിലാകട്ടെ തിരുവഞ്ചൂരിന്റെ നിലപാടിനെ ഏകദേശം എല്ലാ മന്ത്രിമാരും അനുകൂലിച്ചു. മന്ത്രിമാരെ മറികടന്ന് പ്രവർത്തിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെ ഒരുദ്യോഗസ്ഥനും അധികാരമില്ലെന്നും അഭിപ്രായമുയർന്നു.
ഇതോടെ, പ്രശ്‌നത്തിൽ തനിക്ക് ദുഃഖവും വിഷമവുമുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. നല്ല ഉദ്ദേശ്യത്തിലാണ് ചില കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, യോഗവിവരങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് സെക്രട്ടറിയെ തള്ളിപ്പറയാതിരിക്കാൻ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു.