തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിക്കുന്ന ലാലിസം എന്ന പരിപാടിക്കായി താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ലെന്ന് സൂപ്പർ താരം മോഹൻലാൽ. എന്നാൽ, തന്റെ മ്യൂസിക് ബാൻഡിലെ കലാകാരന്മാർക്കായി പണം വാങ്ങുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഗെയിംസിനു മുന്നോടിയായി തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് ലാലിന്റെ പ്രതികരണം.

കുഞ്ഞാലി മരയ്ക്കാറായാണ് ശനിയാഴ്ച നടക്കുന്ന ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയിൽ മോഹൻലാൽ എത്തുന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടി അണിയിച്ചൊരുക്കുന്നത് സംവിധായകൻ ടി കെ രാജീവ് കുമാറാണ്.

തന്റെ മ്യൂസിക് ബാൻഡിലുള്ള മറ്റ് കലാകാരന്മാർക്ക് നൽകുന്നതിനാണ് പണം വാങ്ങുന്നതെന്ന് മോഹൻലാൽ പറഞ്ഞു. പരിപാടി അവതരിപ്പിക്കുന്നതിനും റെക്കോർഡിംഗിനും മറ്റുമായി വലിയൊരു തുകയുടെ ചെലവുണ്ട്. സച്ചിൻ ടെൻഡുൽക്കർ പണം വാങ്ങാത്തത് അദ്ദേഹം ഒരു വ്യക്തി മാത്രമായതു കൊണ്ടാണ്. എന്നാൽ ലാലിസം മ്യൂസിക് ബാൻഡ് അങ്ങനെയല്ല. കലാകാരന്മാരുടെ കൂട്ടായ്മാണത്. അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് മറ്റും ചെലവുണ്ട്.

രണ്ട് കോടി രൂപയൊന്നും തങ്ങൾ വാങ്ങുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. വാങ്ങുന്ന തുക എത്രയാണെന്ന് മാദ്ധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടാൽ വെളിപ്പെടുത്തും. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇത്തരമൊരു പരിപാടി അവതരിപ്പിക്കാൻ കഴിയുന്നത് തന്നെ അഭിമാനകരമാണ്. ലാലിസം എന്നത് തന്റെ 36 വർഷത്തെ സിനിമാജീവിതത്തിലേക്കുള്ള സഞ്ചാരമാണെന്നും ലാൽ പറഞ്ഞു.

കലയ്ക്ക് വിലയിടരുതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ വിവാദങ്ങൾക്ക് കുറവില്ല. എന്ത് പരിപാടി നടന്നാലും നൂറ് വിവാദങ്ങളുമായി ആരെങ്കിലുമൊക്കെ വരും. ഇതു കേരളത്തിന്റെ ജന്മദിനമാണ്. കേരളത്തെ സംബന്ധിച്ചടത്തോളം മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് തന്നെ അഭിമാനകരമാണ്. അതാണ് കണക്കിലെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.