തിരുവനന്തപുരം: രണ്ട് കോടി രൂപ പ്രതിഫലം വാങ്ങി ലാലിസം എന്ന പേരിൽ സംഗീത പരിപാടിയുമായി മോഹൻലാൽ ഇറങ്ങിത്തിരിച്ചപ്പോൾ തന്നെ ചിലർ ചോദിച്ചതാണ് അറിയാത്ത പരിപാടിക്ക് പോണോ ലാലേട്ടാ.. എന്ന്! ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് തല്ലിപ്പൊളി ആയതോടെ കുടുതൽ പേർ ഇതേ ചോദ്യം ഉന്നയിച്ചു. 'അറിയുന്ന പണിക്ക് പോയാൽ പോരായിരുന്നോ എന്ന്?' ലാലിസത്തിന്റെ പേരിൽ ഒരാഴ്‌ച്ച കൊണ്ട് സൈബർ ലോകത്ത് വൻ കോലാഹലങ്ങൾ തന്നെ നൽകുകയും ചെയ്തു. ഹാഷ് ടാഗുകളിൽ മോഹൻലാൽ പണം തിരിച്ചു നൽകണമെന്ന ആവശ്യം ഉയർന്നു. ഒടുവിൽ മോഹൻലാൽ രണ്ട് കോടിയുടെ ചെക്ക് തിരിച്ചയച്ച സംഭവവും ഉണ്ടായി. എന്തായാലും മലയാളികൾ സൈബർ ലോകത്ത് തെറിവിളികൾ നിറച്ച ലാലിസത്തിന് ലഭിച്ചത് അന്താരാഷ്ട്ര പ്രശസ്തിയാണ്. അർബൻ ഡിക്ഷ്ണറി ഡോട്ട് കോമിലാണ് ലാലിസം എന്ന വാക്ക് ചേർക്കപ്പെട്ടത്.

അനൗപചാരിക പ്രയോഗങ്ങളുടെ അന്താരാഷ്ട്ര നിഘണ്ടുവാണ് അർബൻ ഡിക്ഷ്ണറി ഡോട്ട് കോം. ഈ ഡിക്ഷ്ണണറിയിൽ കഴിഞ്ഞ ദിവസമാണ് ലാലിസം എന്ന വാക്കും കൂട്ടിച്ചേർത്തത്. അറിയാത്ത കാര്യങ്ങൾ ചെയ്ത് വിവാദങ്ങൾ സൃഷ്ടിക്കുക, പ്രത്യേകിച്ച് ഗാനാലാപനത്തിലൂടെ എന്നാണ് ലാലിസത്തിന്റെ അർഥമായി ഓൺലൈൻ ഡിക്ഷ്ണറിയിൽ നൽകിയിരിക്കുന്നത്.

ലാലിസത്തിന്റെ നാമവിശേഷണം ലാലിസ്റ്റിക് എന്നും ക്രിയാവിശേഷണം ലാലിസ്റ്റിക്കലി എന്നുമാണ് നിഘണ്ടുവിൽ പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ഉദാഹരണവും നൽകിയിട്ടുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം ജോൺ പാടാൻ കയറും, ഇയാളുടെ ലാലിസം കൊണ്ട് ഞങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് എന്നതാണ് ഉദാഹരണം. ഫെബ്രുവരി എട്ടിന്, ജെഗ്ഗുസേയ്‌സ് എന്ന ഉപയോക്താവാണ് ലാലിസം എന്ന വാക്ക് നിഘണ്ടുവിൽ ചേർത്തത്.

ഡിക്ഷ്ണറി ഡോട്ട് കോം എന്ന വെബ്‌സൈറ്റിന്റെ പാരഡി സൈറ്റായ അർബൻ ഡിക്ഷ്ണറി 1999ലാണ് രൂപീകൃതമാകുന്നത്. 2014ഓടെ ഏഴു മില്യൺ വാക്കുകളുടെ അർഥങ്ങൾ ഇതിൽ ചേർക്കപ്പെട്ടു. ദിവസേന 2000 പുതിയ വാക്കുകളാണ് സൈറ്റിൽ പ്രത്യക്ഷപ്പെടുന്നതും. എന്തായാലും വിവിധ രാജ്യങ്ങളിൽ പര്യടനം നടത്താൻ വേണ്ടിയാണ് മോഹൻലാൽ ലാലിസം എന്ന പേരിൽ ബാൻഡ് ആരംഭിച്ചത്. ഇതിന് ലോകപ്രശസ്തി തന്നെ ലഭിച്ച സാഹചര്യത്തിൽ മോഹൻലാൽ ബാൻഡുമായി ഇനിയും പുറത്തിറങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.