തിരുവനന്തപുരം: ഒരൊറ്റ തുക പോലും താൻ പ്രതിഫലമായി വാങ്ങിയില്ല എന്ന മോഹൻലാലിന്റെ അവകാശവാദം തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. മറുനാടൻ മലയാളി ആദ്യം റിപ്പോർട്ട് ചെയ്തതുപോലെ ലാലിസം നേടിയത് രണ്ട് കോടിയല്ലെന്നും അതിന്റെ പതിന്മടങ്ങാണെന്നുമാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.

ലാലിസത്തിന് നൽകിയ തുക എന്ന പേരിൽ ഒരു കോടി 60 ലക്ഷം രൂപ മാത്രമേ കാണിച്ചിട്ടുള്ളൂ എങ്കിലും ലാലിസവുമായി ബന്ധപ്പെട്ട് മറ്റ് ചെലവുകൾ എല്ലാം കൂടി കണക്കിലെടുത്താൽ ഏതാണ്ട് എട്ടു കോടിയോളം രൂപ വരുമെന്നാണ് വിലയിരുത്തൽ. സംവിധായകന് മാത്രം 45 ലക്ഷം രൂപ നൽകി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതുമായി ബന്ധമില്ലെങ്കിലും വെറും രണ്ട് ലക്ഷം രൂപയ്ക്ക് പരിപാടി അവതരിപ്പിക്കുന്ന ശോഭനയ്ക്ക് 25 ലക്ഷ നൽകിയതും വിവാദം ആയിട്ടുണ്ട്. കലയ്ക്ക് കൂലി നിശ്ചയിക്കരുതെന്നാണ് വിമർശനങ്ങൾക്ക് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകുന്ന വിശദീകരണം. അങ്ങനെയെങ്കിൽ പോലും 5 ലക്ഷം രൂപ വിലയിട്ട് നടത്തുന്ന പരിപാടിക്ക് 20 ലക്ഷം അധികമായി നൽകുന്നതിന് യാതൊരു അർത്ഥവുമില്ല.

ലാലിസത്തിന് മോഹൻലാൽ പ്രതിഫലം വാങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നു. എങ്കിൽ ലാലിസം പരിപാടിയിൽ, റെക്കാഡ് ചെയ്ത പാട്ടിന് വേദിയിൽ ചുണ്ടനക്കിയതിന് ഒരു കോടി 80 ലക്ഷം രൂപ ആര് വാങ്ങിയെന്ന് മോഹൻലാൽ വ്യക്തമാക്കണം. ഒരു നർത്തകിയുടെ 45 മിനിട്ട് നൃത്തത്തിന് 25 ലക്ഷം രൂപ നൽകുന്നതും വിശദീകരിക്കണം. മോഹൻലാലിന് ഒരിക്കലും യേശുദാസോ മുഹമ്മദ് റാഫിയോ ജയചന്ദ്രനോ ആകാനാവില്ല. ലാലിസം തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഒഴിഞ്ഞു തുടങ്ങി. സച്ചിന്റെ സാന്നിദ്ധ്യം ഒരനുഭവമായിരുന്നു. ബാക്കിയെല്ലാം കാണികളെ വിഡ്ഢികളാക്കിയെന്ന ആക്ഷേപവും ശക്തമാണ്. ഇതു സംബന്ധിച്ച പരായിയും സർക്കാരിന് ലഭിച്ചു കഴിഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച 'ലാലിസം' എന്ന പരിപാടിക്കുമാത്രം ഒരു കോടി 60 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നാണ് സർക്കാറിന്റെ കണക്ക്. ഇതിലെ കലാകാരന്മാർക്ക് താമസ, ഗതാഗത സൗകര്യങ്ങൾക്കായി 20 ലക്ഷം രൂപ വേറെയും ചെലവഴിച്ചിട്ടുണ്ട്. മോഹൻലാൽ കുഞ്ഞാലിമരക്കാരുടെ വേഷത്തിൽ അവതരിപ്പിച്ച 'വാർ ക്രൈ'എന്ന പരിപാടിക്ക് 20 ലക്ഷമാണ് ചെലവ്. വിവിധ കേരളീയരൂപങ്ങളുടെ അവതരണത്തിന് ഒരു കോടി 69 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

പരിപാടികളുടെ സംവിധാനം നിർവഹിച്ചയാൾക്ക് പ്രതിഫലമായി നൽകിയത് 45 ലക്ഷം രൂപയാണ്. വീഡിയോ ടീമിന് 48 ലക്ഷം രൂപയും ഷൂട്ടിങ് ഉപകരണങ്ങളുടെ വാടകയിനത്തിൽ 12 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. കലാസംവിധായകന് മാത്രം അഞ്ചുലക്ഷം രൂപ നൽകിയിട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മുഖ്യവേദിക്ക് 47 ലക്ഷം രൂപയാണ് ചെലവ്. സ്റ്റേഡിയത്തിലെ വെളിച്ചസംവിധാനത്തിന് രണ്ടുകോടി 65 ലക്ഷവും ശബ്ദസംവിധാനത്തിന് 87 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് 15.5 കോടി രൂപ മുടക്കി. സമാപനത്തിനും അത്രയും വേണ്ടി വരുമെന്നാണ് സൂചന. കായികതാരങ്ങളുടെ ഉയർച്ചായ്ക്കുള്ള ദേശീയ ഗെയിംസ് ഫണ്ട് ധൂർത്തടിക്കുകയാണ് സംഘാടക സമിതി. നാഷണൽ ഗെയിംസിലെ 611 കോടിയുടെ ചെലവിൽ മുഴുവൻ അവ്യക്തതയുണ്ടെന്നാണ് ആക്ഷേപം. 1987 ലെ നാഷണൽ ഗെയിംസിന് ഒരു കോടി രൂപ സമാഹരിച്ചത് പി.ടി. ഉഷയുടെയും ഷൈനി വിൽസന്റെയും കൈയൊപ്പുള്ള സ്റ്റാമ്പ് വിദ്യാർത്ഥികൾ വഴി വിറ്റാണ്.