മുംബൈ: ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർക്ക് വാതുവയ്പുമായി ബന്ധമുണ്ടെന്നു പരാതിപ്പെട്ട് ലളിത് മോദി ഐസിസി ജനറൽ മാനേജർ ഡേവ് റിച്ചാർഡ്‌സണ് അയച്ച കത്ത് പുറത്ത്. ട്വിറ്ററിലൂടെയാണ് ഈ കത്തു പുറത്തുവന്നിരിക്കുന്നത്.

എം എസ് ധോണി ക്യാപ്റ്റനായുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ സഹഉടമയായ ഗുരുനാഥ് മെയ്യപ്പന് വാതുവയ്പിൽ ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ചില താരങ്ങൾക്കും വാതുവയ്പിൽ ബന്ധമുണ്ടെന്നു പരാമർശം നടത്തിയിരുന്നു.

രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനു പിന്നാലെയാണ് ലളിത് മോദി ക്രിക്കറ്റ് താരങ്ങളെയും പ്രതിസന്ധിയിലാക്കി രംഗത്തെത്തിയത്. ഐപിഎൽ ചെയർമാൻ എന്ന നിലയിലാണ് ലളിത് മോദി ഡേവ് റിച്ചാർഡ്‌സണു കത്തെഴുതിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരങ്ങളായ മൂവരും വാതുവയ്പു സംഘങ്ങളുമായി ബന്ധപ്പെട്ടതായും ഇവർക്ക് കനത്ത പ്രതിഫലം ലഭിച്ചതായും മോദിയുടെ കത്തിൽ പരാമർശമുണ്ട്.

വാതുവയ്പുകാരനായ ബാബാ ദിവാനുമായാണ് റെയ്‌നയ്ക്കും ജഡേജയ്ക്കും ബ്രാവോയ്ക്കും സംശയകരമായ ബന്ധമുണ്ടായിരുന്നത്. 2013ൽ അയച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വാതുവയ്പുമായി സഹകരിച്ചതിന് ബാബാ ദിവാൻ മൂവർക്കും പണവും ഫ്‌ളാറ്റുകളും പ്രതിഫലമായി നൽകിയിരുന്നെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

റെയ്‌നയ്ക്ക് വസന്ത് വിഹാറിലും നോയ്ഡയിലും ജഡേജയ്ക്ക് ബാന്ദ്രയിലുമാണ് ഇരുപതി കോടി വിലമതിക്കുന്ന ഫ്‌ളാറ്റുകൾ നൽകിയത്. ബ്രാവോയ്ക്ക് ഇരുപതി കോടി പണമായി തന്നെ നൽകുകയായിരുന്നുവെന്നും ലളിത് മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാതുവയ്പുമായി ബന്ധപ്പെട്ട് മലയാളി താരം എസ് ശ്രീശാന്തിനെ അറസ്റ്റുചെയ്തപ്പോൾ തന്നെ ചെന്നൈ താരങ്ങൾക്ക് ഇക്കാര്യത്തിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല.

മലയാളി താരം ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വാതുവെപ്പ് കേസിൽ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് ലളിത് മോദിയുടെ ആരോപണം വന്നിരിക്കുന്നത്. ഡൽഹി പാട്യാലഹൗസ് പ്രത്യേക കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി നീനാ ബൻസാൽ കൃഷ്ണയാണ് കേസിൽ വിധി പറയുക. നിലവിൽ ബിസിസിയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഈ കേസിലെ വിധി ഏറെ നിർണായകമാണ്.

ശ്രീശാന്തിനു പുറമേ ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാൻ, അജിത് ചാന്ദില, ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ എൻ. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, നടൻ വിന്ദു ധാരാസിങ്, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം, കുട്ടാളി ഛോട്ടാ ഷക്കീൽ എന്നിവരുൾപ്പെടെ 39 പേരാണു പ്രതിപ്പട്ടികയിലുള്ളത്. കേസ് ചുമത്തി രണ്ട് വർഷം പൂർത്തിയാകുമ്പോഴാണ് പ്രത്യേക കോടതി കേസിൽ വിധി പറയുന്നത്.

ഐപിഎൽ വാതുവെപ്പ് കേസിൽ 2013 മെയ് 16നാണ് ശ്രീശാന്ത് ഉൾപ്പെടെയുള്ള പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് ഒമ്പതിന് മൊഹാലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിന് കോഴ കൈപറ്റി ഒത്തുകളിച്ചെന്നാണ് ആരോപണം. ഐപിഎൽ കോഴ കേസിൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ഉൾപ്പെടെ കടുത്ത വകുപ്പുകൾ ചേർത്താണ് പൊലീസ് ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.