ന്യൂഡൽഹി: ബിജെപി നേതാക്കൾക്കെതിരെ വ്യാപകമായി ആരോപണങ്ങൾ അഴിച്ചുവിടുമ്പോഴും ലളിത് മോദിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയപ്പെട്ടവൻ തന്നെ. തന്റെ പുതിയ ട്വിറ്റർ സന്ദേശത്തിൽ ലളിത് മോദി ഇന്ത്യൻ പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തിയിട്ടുണ്ട്.

ബിജെപിയിലെ നേതാക്കന്മാർക്കെതിരേയുള്ള ആരോപണങ്ങൾ ലളിത് മോദിയിൽ നിന്ന് ദിനംപ്രതി വന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് മോദിയെ പ്രകീർത്തിച്ച് ലളിത് മോദിയുടെ ട്വീറ്റെത്തിയത്.

നമ്മുടെ പ്രധാനമന്ത്രി അസാമാന്യ ബുദ്ധിയുള്ള ആളാണ്. അദ്ദേഹത്തിന് തന്റെ ഉപദേശത്തിന്റെ ആവശ്യമില്ല. അദ്ദേഹം ബാറ്റ് ചെയ്യുകയാണെങ്കിൽ പന്ത് ഗ്രൗണ്ടിനു പുറത്തു പോകുമെന്നുമാണ് ട്വിറ്ററിൽ ലളിത് മോദി കുറിച്ചിരിക്കുന്നത്.

ലളിത് മോദി വിവാദത്തിൽ രാജി സമ്മർദ്ദം നേരിടുന്ന രാജസ്ഥാൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ, ഡൽഹിയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ധനകാര്യമന്ത്രി അരുൺ ജെയ്റ്റലി എന്നിവരുടെ കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വസുന്ധരയുടെ രാജിക്കായി സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.

വസുന്ധര രാജെ ഇന്ന് ഡൽഹിയിൽ എൻഐടിഐ അയോഗ് മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങിയിരുന്നു. എന്നാൽ, ഡൽഹിയിൽ എത്തിയിട്ടും ബിജെപി നേതൃത്വത്തെ കാണാൻ അവർ തയ്യാറായില്ല. വസുന്ധര മുഖ്യമന്ത്രി സ്ഥാനത്തു തടരുന്നതിൽ ബിജെപിയിൽ തന്നെ ഒരു വിഭാഗത്തിനു എതിർപ്പുള്ളതിനാലും കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കിയതിനാലും ലളിത് മോദി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ടെന്നാണ് വിലയിരുത്തൽ

ഐപിഎൽ അഴിമതിക്കേസിൽ പ്രതിയായ ലളിത് മോദിക്കു ലണ്ടനിൽനിന്നു പോർചുഗലിലേക്കുള്ള യാത്രാരേഖകൾ അനുവദിക്കാൻ ബ്രിട്ടിഷ് ഹൈക്കമ്മിഷണറോടു സുഷമ സ്വരാജ് നടത്തിയ ഇമെയിൽ സംഭാഷണങ്ങൾ ബ്രിട്ടിഷ് മാദ്ധ്യമങ്ങൾ ചോർത്തിയതോടെയാണു സംഭവം വിവാദമായത്. 2011ൽ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയിൽ സാക്ഷിയായതു വസുന്ധര രാജെയാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്തു വന്നതോടെയാണ് വസുന്ധരയും വിവാദത്തിലകപ്പെട്ടത്.