ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിലൂടെ വിവാദങ്ങളുടെ ഭാഗമായ ലളിത് മോദിയെ സഹായിച്ച സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജിസന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോർട്ട്. വിവാദമുണ്ടാകുമെന്ന് മനസിലാക്കിയ സുഷമ ഒരാഴ്ച മുൻപേ പ്രധാനമന്ത്രിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

എന്നാൽ, ആർഎസ്എസ് നേതൃത്വത്തിന്റെ കർശന നിർദ്ദേശമാണ് ഇക്കാര്യത്തിൽ നിന്ന് മന്ത്രിയെ പിന്തിരിപ്പിച്ചത്. ലളിത് മോദിയെ സഹായിച്ചുവെന്ന വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് സുഷമ രാജിസന്നദ്ധത അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സുഷമ രാജിസന്നദ്ധത അറിയിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ രാജിവയ്ക്കരുതെന്ന് ആർഎസ്എസ് സുഷമ സ്വരാജിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഇതിനോടപ്പം ബിജെപിയിലെ മുതിർന്ന നേതാക്കളും സുഷമയ്ക്കായി പിന്തുണയുമായി രംഗത്ത് എത്തി. എന്നാൽ, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുഷമ സ്വരാജ് രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദിക്ക് വഴിവിട്ട് യാത്രാസൗകര്യം ചെയ്ത് നൽകാൻ ശ്രമിച്ചുവെന്ന മാദ്ധ്യമ റിപ്പോർട്ടുകളാണ് സുഷമയെ വിവാദത്തിൽ കുടുക്കിയത്. സംഭവത്തിന് പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സുഷമയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. സുഷമയുടെ വസതിയിലേയ്ക്ക് തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് മാർച്ചും നടത്തിയിരുന്നു.

അതിനിടെ, കള്ളപ്പണ രാജാവായ ലളിത് മോദിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്നും സുഷമാ സ്വരാജിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവെ നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലളിത് മോദിയോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തുവിട്ട കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അതേസമയം, ലളിത് മോദിയെ സഹായിച്ചതിന് വിവിധ കോണിൽ നിന്ന് എതിർപ്പു നേരിടുന്ന സുഷമയെ പിന്തുണച്ച് ശിവസേന രംഗത്തെത്തി. വിദേശകാര്യമന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനുള്ള അപകടകരമായ കളിയാണിതെന്ന് മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിൽ ശിവസേന ആരോപിച്ചു. സർക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമമാണിതെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. സുഷമ സ്വരാജിന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നത് ആരാണെന്നു കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു മുഖപ്രസംഗം ആവശ്യപ്പെട്ടു.