റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യക്കു ചരിത്ര നേട്ടം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ ലളിത ഫൈനലിൽ പ്രവേശിച്ചു.

9:19:76 സമയത്തിൽ നാലാമതായാണ് ലളിത ഹീറ്റ്‌സിൽ ഫിനിഷ് ചെയ്തത്. ഇത് ദേശീയ റെക്കോർഡാണ്. ഹീറ്റ്‌സിലെ പരാജയപ്പെട്ടവരിൽ നിന്നും വേഗതയേറിയ താരമായാണ് ലളിത ഫൈനലിലേക്ക് ഇടം നേടിയത്. ഓഗസ്റ്റ് 15നാണ് ഫൈനൽ.

ഇതേയിനത്തിൽ ഇന്ത്യയുടെ സുധ സിങ് ഹീറ്റിസിൽ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി. മൂന്നാമത്തെ ഹീറ്റ്‌സിൽ ഇറങ്ങിയ സുധ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച കായികതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച താരമാണു ലളിത ബാബർ. മഹാരാഷ്ട്രക്കാരിയായ ലളിത 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേട്ടത്തോടെയാണു റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. നിലവിലെ ഏഷ്യൻ ചാമ്പ്യൻകൂടിയാണ് ഈ ഇരുപത്താറുകാരി.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ വീണ്ടും നാണംകെട്ടു. അർജന്റീനയോട് എതിരില്ലാത്ത അഞ്ചു ഗോളിനാണ് ഇന്ത്യ തോറ്റത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്കു ക്വാർട്ടർ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഒന്നു പൊരുതിനോക്കാൻ പോലുമാകാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. പൂൾ ബിയിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലു തോൽവിയും ഒരു സമനിലയുമായി അവസാന സ്ഥാനത്താണ് ഇന്ത്യൻ വനിതകൾ റിയോയിൽ നിന്നു മടങ്ങുന്നത്.