പാട്‌ന: ബിജെപിയെ തോൽപിക്കാൻ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ഒന്നുചേർന്നതിന്റെ ഫലമാണ് ജനതാ പരിവാർ. എന്നാൽ, ഐക്യത്തിന്റെ പാതയിലെത്തി മാസമൊന്ന് തികയുന്നതിന് മുന്നെ, പരിവാറിൽ അടിതുടങ്ങി. ബീഹാറിൽനിന്നാണ് അടി തുടങ്ങിയത്. ബദ്ധശത്രുക്കളായിരുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവും പരിവാറിൽ മിത്രങ്ങളായവരാണ്. ബീഹാറിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് ഇരുവരും വീണ്ടും തർക്കം തുടങ്ങിയത്. ഇനിയും കൊടിയും ചിഹ്നവും ഭരണഘടനയുമായിട്ടില്ലാത്ത പാർട്ടിയിലാണ് തർക്കം തുടങ്ങുന്നത്.

ബിഹാർ നിയമസഭയിൽ നവംബറിലാണ് തെരഞ്ഞെടുപ്പ്. വളരെ നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് പ്രശ്‌നങ്ങളെത്തിയത്. അനുയായികൾക്ക് സീറ്റ് നൽകുന്നതിനെച്ചൊല്ലിയാണ് ലാലുവും നിതീഷും തർക്കത്തിലായത്. ഇരുവരും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമായി. 2010ലെ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കണമെന്നും അതനുസരിച്ച് സീറ്റുകൾ വിഭജിക്കണമെന്നുമാണ് നിതീഷ് പറയുന്നത്. അന്ന് നിതീഷിന്റെ ജനതാദൾ(യു) ബിജെപിയുമായി സഖ്യത്തിലായിരുന്നു. 115 സീറ്റിലാണ് അവർ വിജയിച്ചത്. ലാലുവിന്റെ ആർജെഡി വെറും 22 സീറ്റിലും.

എന്നാൽ, 2010ലെ വിജയം ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ടു മാത്രമാണെന്ന് ആർജെഡി വാദിക്കുന്നു. അതു കണക്കാക്കേണ്ടെന്നും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കാമെന്നാണ് ആർജെഡി പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ(യു) അമ്പേ പരാജയപ്പെട്ടിരുന്നു. ഏതായാലും തർക്കം രൂക്ഷമായതോടെ, ചർച്ചകൾ സജീവമായി. തെരഞ്ഞെടുപ്പിന് മുമ്പ് തർക്കം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുനേതാക്കളും.

ജനതാ പാർട്ടികളുടെ ലയനം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം തർക്കങ്ങളാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ആർ.ജെ.ഡിയും ജനതാദൾ(യു)വും ഒരേപോലെ സ്വാധീനശേഷിയുള്ള പാർട്ടികളാണ്. തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും അനുയായികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സീറ്റ് വിഭജനം നടത്തുക അസാധ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

100 സീറ്റ് വേണമെന്നാണ് ലാലു ആവശ്യപ്പെടുന്നത്. 2010ൽ വിജയിച്ച 115 സീറ്റെങ്കിലും വേണമെന്ന് നിതീഷും പറയുന്നു. ഇവർക്കൊപ്പം മത്സരിക്കുകയാണെങ്കിൽ കോൺഗ്രസ്സിനും സീറ്റ് നൽകേണ്ടതുണ്ട്. അതോടെ സീറ്റ് വിഭജനത്തർക്കം ഇപ്പോഴത്തേക്കാൾ രൂക്ഷമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇനി ജനതാ പരിവാർ അധികാരത്തിലെത്തിയാലും പ്രശ്‌നം തീരില്ല. ലാലുവിന്റെ പക്ഷത്തിന് കൂടുതൽ സീറ്റ്് കിട്ടിയാൽ മുഖ്യമന്ത്രി പദത്തിലേക്ക് ലാലുവും അവകാശ വാദം ഉന്നയിക്കും.

ബീഹാറിലും ഉത്തർപ്രദേശിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടികളെ തൂത്തെറിഞ്ഞാണ് മോദി തരംഗം ആഞ്ഞടിച്ചത്. ബിജെപിയെ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായാണ് ലാലുവും നിതീഷും യുപിയിലെ മുലായം സിംഗും ഒന്നിക്കാൻ തീരുമാനിച്ചത്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം.