പട്‌ന: ബിഹാറിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് ആർജെഡി നേതാവ് ലാലുവിന്റെ മിന്നൽ സന്ദർശനം. കഴിഞ്ഞ ദിവസം പട്‌നയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണു അപ്രതീക്ഷിതമായി ലാലു എത്തിയത്.

ഏതോ രോഗിയെ സന്ദർശിക്കാനാണ് ലാലു എത്തിയത് എന്നായിരുന്നു ആശുപത്രി അധികൃതർ ആദ്യം കരുതിയത്. എന്നാൽ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവിന്റെ പിതാവുമായ ലാലു എത്തിയത് പരിശോധനയ്ക്കാണെന്ന് അധികൃതർക്കു മനസിലാകാൻ അധികം താമസം വേണ്ടി വന്നില്ല.

രോഗികളേയും കൂട്ടിരിപ്പുകാരേയും സമീപിച്ച് ആശുപ്രതിയിലെ സേവനങ്ങളെ കുറിച്ച് അന്വേഷിച്ച ലാലു നിരവധി വാർഡുകളിൽ പരിശോധന നടത്തുകയും ചെയ്തു.

അതേസമയം, മന്ത്രി സഭയ്ക്ക് പുറത്തുള്ള ഈ അധികാര കേന്ദ്രത്തിനെതിരെ ഇതിനോടകം തന്നെ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷമായ ബിജെപി എന്തൊക്കെയാകും ഇക്കാര്യത്തിൽ പ്രതികരിക്കുക എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.

കഴിഞ്ഞ പത്തുവർഷത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറോ അദ്ദേഹത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഈ ആശുപത്രി സന്ദർശിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വഴി അറിയിക്കുകയാണ് പതിവെന്നും ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

1997ലെ കാലിത്തീറ്റ കുംഭകോണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടപ്പോൾ ഈ ആശുപത്രിയിലെ വിഐപി മുറിയിൽ അനവധി മാസങ്ങൾ ലാലു പ്രസാദ് യാദവ് ചികിത്സയിൽ കഴിഞ്ഞിരുന്നു.

ബിഹാറിൽ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച ഒരു മുതിർന്ന ആർജെഡി നേതാവ് സർക്കാരിനെ വിമർശിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലേയാണ് ലാലുവിന്റെ ആശുപത്രി റെയ്ഡ്. ഇതെല്ലാം ബിഹാറിലെ മഹാസഖ്യത്തിൽ വിള്ളൽ വീഴ്‌ത്തുന്ന തരത്തിലേക്കു പോകുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏറ്റവും അധികം എംഎൽഎമാർ ലാലുവിന്റെ പാർട്ടിയായ ആർജെഡിക്കാണെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാറിനു ലാലു വിട്ടുനൽകുകയായിരുന്നു. പകരം ഉപമുഖ്യമന്ത്രി സ്ഥാനവും മറ്റൊരു മന്ത്രിസ്ഥാനവും ലാലുവിന്റെ മക്കൾക്കു ലഭിച്ചു. പൂർണമായും തന്റെ കൈയിലാണ് അധികാരമെന്നു സ്ഥാപിക്കാനുള്ള ലാലുവിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണു വിലയിരുത്തൽ. എന്നാൽ, ഇക്കാര്യങ്ങളോടു മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചിട്ടില്ല.