- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലിൽ കിടക്കുന്ന ലാലു പ്രസാദ് യാദവിന്റെ ശ്രമം ബീഹാർ സർക്കാരിനെ അട്ടിമറിച്ച് മകനെ അധികാരത്തിലെത്തിക്കാൻ; എൻഡിഎ എംഎൽഎമാരുമായി സംസാരിക്കുന്നത് ഫോണിലൂടെ; ശബ്ദ സന്ദേശം ഉൾപ്പെടെ പങ്കുവെച്ച് ബിജെപി നേതാവ് സുശീൽ കുമാർ മോദി; നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായിട്ടും ബീഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ ഇപ്പോഴും ചടുലം
പാട്ന: ലാലു പ്രസാദ് യാദവ് ബീഹാറിലെ എൻഡിഎ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. ജയിലിൽ കിടന്ന് എൻഡിഎ എംഎൽഎമാരുമായി ലാലുപ്രസാദ് യാദവ് ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും സുശീൽ കുമാർ മോദി ആരോപിക്കുന്നു. ലാലു പ്രസാദ് യാദവ് എൻഡിഎ എംഎൽഎമാരെ വിളിച്ചതിന്റെ ശബ്ദ സന്ദേശവും ലാലുവിന്റെ കയ്യിലുള്ള മൊബൈൽ നമ്പരും സുശീൽ കുമാർ മോദി ട്വിറ്ററിൽ പങ്കുവെച്ചു.
ട്വിറ്ററിലൂടെയാണ് മുൻ ഉപമുഖ്യമന്ത്രിയായ സുശീൽ കുമാർ മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിട്ടും ലാലു പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തടവിൽ കഴിയിയുകയായിരുന്ന ലാലുവിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജാർഖണ്ഡ് സർക്കാർ റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഇവിടെയാണ്.
'ലാലു പ്രസാദ് യാദവ് റാഞ്ചിയിൽ നിന്ന് എൻഡിഎ എംഎൽഎമാരെ വിളിക്കുകയും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു', മാധ്യമങ്ങളെ ടാഗുചെയ്ത് സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. താനാ നമ്പറിലേക്ക് വിളിച്ചപ്പോൾ ലാലുവാണ് ഫോണെടുത്തതെന്നും, ജയിലിലിരുന്നുകൊണ്ട് ഈ വൃത്തിക്കെട്ട കളി കളിക്കരതെന്ന് താനദ്ദേഹത്തോട് പറഞ്ഞതായും സുശീൽ മോദി വ്യക്തമാക്കി. നിങ്ങളീ തന്ത്രത്തിൽ വിജയിക്കില്ലെന്നും താൻ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് ലാലു എൻഡിഎ എംഎൽഎമാരോട് ആവശ്യപ്പെട്ടതെന്നും സുശീൽ മോദി പറഞ്ഞു.
ബീഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരം ഏൽക്കവേ, ഉപമുഖ്യമന്ത്രി സ്ഥാനം നൽകാത്തിൽ മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദിക്ക് പ്രതിഷേധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയുമുള്ള ജെഡിയു-ബിജെപി സർക്കാരുകളിൽ സുശീൽകുമാർ മോദിയായിരുന്നു നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രി.ബീഹാർ ഉപമുഖ്യമന്ത്രി എന്നുള്ളത് ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സുശീൽകുമാർ മോദി നീക്കം ചെയ്തിട്ടുണ്ട്. ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് സുശീൽ മോദി ട്വീറ്റ് ചെയ്തിരുന്നു. '40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവറും എനിക്ക് വളരെയധികം തന്നു. മറ്റൊരാൾക്ക് അത് ലഭിച്ചില്ലായിരിക്കാം. എന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കും. ഒരു പ്രവർത്തകന്റെ സ്ഥാനം ആർക്കും എടുത്തുകളയാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ നിഷേധിക്കുന്നതിലെ അതൃപ്തിയാണ് സുശീൽ മോദി പ്രകടിപ്പിക്കുന്നത് എന്ന സൂചനയുണ്ട്. അതേസമയം ഒരു പദവിയും ചെറുതോ വലുതോ അല്ലെന്ന് പറഞ്ഞാണ് സുശീൽ മോദിയെ പരോക്ഷമായി വിമർശിച്ച് ബിജെപിയിലെ എതിരാളിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയത്.
ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 'സുശീൽ മോദിജി അസ്വസ്ഥനല്ല. അദ്ദേഹം നമുക്കൊരു സമ്പത്താണ്. ഒരു പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിനു നൽകും' ഫഡ്നാവിസ് പറഞ്ഞു. സുശീലിനെ മാറ്റി ബിജെപിയുടെ താരകിശോർ പ്രസാദിനും രേണു ദേവിക്കുമാണ് ഉപമുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നത്.ഇതേത്തുടർന്ന് സുശീൽ മോദി അസ്വസ്ഥനാണെന്നു ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഊഹാപോഹങ്ങൾ ശക്തമാക്കിയത്. അതേസമയം, സുശീൽ മോദിയെ കേന്ദ്രമന്ത്രിസഭയിലേക്കോ ഗവർണർ പദവിയിലേക്കോ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. 110 സീറ്റുകളാണ് ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം നേടിയത്. മറ്റുള്ളവർക്ക് എട്ട് സീറ്റുകളുമുണ്ട്. തുടർച്ചയായ നാലാംവട്ടവും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നിതീഷിനൊപ്പം 14 മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയമാണ് അധികാരമേറ്റത്.വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലൽ ചൗധരി, ഷീല മണ്ഡൽ എന്നിവരാണ് ജെഡിയുവിൽനിന്നു സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽനിന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീപ് പസ്വാനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (എച്ച്എഎം) സന്തോഷ് മാഞ്ചിയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ (വിഐപി) മുകേഷ് മല്ലയും സത്യപ്രതിജ്ഞ ചെയ്തു.
മറുനാടന് ഡെസ്ക്