പട്‌ന: ബീഹാറിലെ മഹാസഖ്യം അധികാരമേൽക്കുംമുമ്പെ തമ്മിൽത്തല്ലി പിരിയുമോ? നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, ഉപമുഖ്യമന്ത്രി പദത്തെച്ചൊല്ലി ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ തർക്കം മുറുകിയതായാണ് സൂചന. ലാലുവിന്റെ മക്കൾ തന്നെയാണ് തർക്കമുന്നയിക്കുന്നതും.

ഉപമുഖ്യമന്ത്രി പദത്തിൽ കണ്ണുനട്ടിരിക്കുന്നത് ലാലുവിന്റ മകൾ മിസയും ഇളയ മകൻ തേജസ്വിയുമാണ്. തേജസ്വിയെ ഉപമുഖ്യമന്ത്രിയായി നിയോഗിക്കാനാണ് സാധ്യതയേറെയെങ്കിലും, മിസയും ശക്തമായി രംഗത്തുണ്ട്. ഇവരുടെ സഹോദരനായ തേജ് പ്രതാപ് കാബിനറ്റ് മന്ത്രിപദവിയും നോട്ടമിടുന്നു. ഫലത്തിൽ ലാലു കുടുംബത്തിൽനിന്ന് മൂന്നുപേർ ബീഹാർ സർക്കാരിലുണ്ടാകുമെന്നുറപ്പാണ്.

ജനതാദൾ-യുവിനെക്കാൾ കൂടുതൽ സീറ്റുകൾ ആർജെഡി നേടിയിട്ടുള്ളതിനാൽ, അർഹമായ പ്രാതിനിധ്യം സർക്കാരിൽ അവർക്കുണ്ടാകുമെന്നുറപ്പാണ്. എന്നാൽ, ഉപമുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കമാണ് കീറാമുട്ടിയായി നിൽക്കുന്നത്. അമ്മ റാബ്രിദേവി ബീഹാർ മുഖ്യമന്ത്രിയായിട്ടുണ്ട്. അമ്മയുടെ പിൻഗാമിയെന്ന നിലയ്ക്ക് തനിക്ക് അവസരം കിട്ടുമെന്നാണ് മിസ കരുതിയിരുന്നത്.

എന്നാൽ, ക്രിക്കറ്റ് താരം കൂടിയായ തേജസ്വിയെയാണ് ലാലു തന്റെ പിൻഗാമിയായി കാണുന്നതെന്നാണ് സൂചന. ഐ.പി.എൽ ടീമായ ഡൽഹി ഡെയർഡെവിൾസിൽ ഇടം നേടിയ താരം കൂടിയാണ് തേജസ്വി. തന്റെ ഒമ്പതുമക്കളിൽ മൂത്തവനായ തേജ് പ്രതാപിനെ രാഷ്ട്രീയത്തിൽ കൊ്ണ്ടുവരാൻ ലാലു മുമ്പ് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം താത്പര്യം കാട്ടിരുന്നില്ല. ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തേജ് പ്രതാപ് മന്ത്രിപദം ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട മിസ ഭാരതി ദേവി മൂത്തമകൾ എന്നത് ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രി പദം ചോദിക്കുന്നത്. നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ലെങ്കിലും ഉപമുഖ്യമന്ത്രിയായാൽ ലാലുവിന്റെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലെത്താനാകും. തേജസ്വിയും തേജ് പ്രതാപും ആദ്യമായാണ് നിയമസഭയിലെത്തുന്നത്.

പട്‌നയിലെ ഗാന്ധി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. നിതീഷിനൊപ്പം 35 മന്ത്രിമാരും ചുമലയേൽക്കും. മന്ത്രിമാരുടെ പേരുവിവരങ്ങൾ പരസ്യമാക്കിയിട്ടില്ലെങ്കിലും അന്തിമ തിരുമാനത്തിലെത്തിയെന്നാണ് സൂചന.
അഞ്ച് എംഎ‍ൽഎ. മാർക്ക് ഒരു മന്ത്രി എന്ന കണക്കാണ് ഇക്കാര്യത്തിൽ പരിഗണിക്കുന്നത്. അതനുസരിച്ച് മഹാസഖ്യത്തിന്റെ ഭാഗമായ ആർ.ജെ.ഡി.ക്ക് 16 മന്ത്രിമാരാണ് ഉണ്ടാകുക. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡി.ക്ക് 80 സീറ്റാണുള്ളത്. 71 സീറ്റുകളുള്ള ജെ.ഡി.യു.വിന് 14ഉം 27 സീറ്റുള്ള കോൺഗ്രസ്സിന് അഞ്ചും മന്ത്രിമാരെ ലഭിച്ചേക്കും. ചടങ്ങിൽ കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് പാർലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു, സഹമന്ത്രി രാജീവ് പ്രതാപ് റൂഡി എന്നിവർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിതീഷ് കുമാർ ക്ഷണിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാറിനെ പ്രതിനിധീകരിക്കാനുള്ള ചുമതല ഈ മന്ത്രിമാർക്ക് കൈമാറുകയായിരുന്നു.

മോദി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരെയുള്ള ഒത്തുചേരലാക്കി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റാനാണ് മഹാസഖ്യത്തിന്റെ ശ്രമം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, മുൻ പ്രധാനമന്ത്രി ദേവഗൗഡ, എൻ.സി.പി. നേതാവ് ശരദ് പവാർ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഡി.എം.കെ. പ്രതിനിധി എം.കെ. സ്റ്റാലിൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചടങ്ങിൽ പങ്കെടുക്കാൻ എത്തും.