റാഞ്ചി: 950 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസിൽ കോടതി ലാലു പ്രസാദ് യാദവിനെ മൂന്നാം കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ നിയമത്തിന്റെ ചൂടറിയുന്നത് രണ്ട് മുൻ മുഖ്യമന്ത്രിമാരാണ്. പാവപ്പെട്ടവനും രാഷ്ട്രീയ സ്വധീനമുള്ളവനും നിയമം ഒരു പോലെ തന്നെയാണെന്ന് വ്യക്തമാക്കി കൊടുക്കുകയായിരുന്നു കോടതി.

രണ്ട് കേസുകളിലായി എട്ട് വർഷത്തോളം തടവു ലഭിച്ചു കഴിഞ്ഞിട്ടും ലാലുവിന് ഇനിയും ജയിൽ തന്നെ ശരണം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാംകേസിൽ ആർ.ജെ.ഡി. ദേശീയാധ്യക്ഷന് അഞ്ചുവർഷം തടവുശിക്ഷയാണ് ഇന്നലെ കോടതി വിധിച്ചത്.

ഇതു സംബന്ധിച്ച ഒന്നാം കേസിൽ അഞ്ചു വർഷവും രണ്ടാം കേസിൽ മൂന്നര വർഷവും തടവ് അനുഭവിച്ച ശേഷമാണ് ലാലുവിനെ മൂന്നാമത്തെ കേസിൽ അഞ്ചു വർഷത്തെ തടവിന് കോടതി വിധിച്ചിരിക്കുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട ആറു കേസുകളിൽ മൂന്നെണ്ണത്തിലാണ് ഇതോടെ വിധി പറഞ്ഞത്. 2013-ൽ വിധിവന്ന ആദ്യകേസിലും അഞ്ചുവർഷമായിരുന്നു ലാലുവിന് ശിക്ഷ.

ലാലുവിനെതെരെയുള്ള കേസുകൾ ഇിയും ബാക്കിയാണ്. മൂന്നാമത്തെ കേസിലും കോടതി ലാലുവിനെ അഞ്ചു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതോടെ അഴിമതിക്കു മേൽ ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് ഉണ്ടായത്. രണ്ടാംകേസിൽ ലാലു മൂന്നരവർഷം തടവ് അനുഭവിക്കുന്നതിനിടയിലാണ് റാഞ്ചി പ്രത്യേക സിബിഐ. കോടതിയുടെ വിധി. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കാലിത്തീറ്റ കേസിൽ ജയിലിലേക്ക് പോകുന്നത് ഒന്നല്ല രണ്ട് മുഖ്യമന്ത്രിമാരണ് എന്നതും നിയമത്തിന്റെ ശക്തി തെളിയിക്കുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയെയും കോടതി അഞ്ചുവർഷം തടവിനു ശിക്ഷിച്ചു. അഞ്ചുലക്ഷംരൂപ പിഴയും ചുമത്തി. ആദ്യകേസിൽ മിശ്രയെ ശിക്ഷിച്ചെങ്കിലും രണ്ടാംകേസിൽ വെറുതെവിട്ടു.

1992-93 കാലയളവിൽ സർക്കാർ ഖജനാവിൽനിന്ന് 33.67 കോടിരൂപ അനധികൃതമായി പിൻവലിച്ചെന്ന കേസിലാണ് പ്രത്യേക സിബിഐ. ജഡ്ജി എസ്.എസ്. പ്രസാദ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച തന്നെയാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.

കേസിൽ 50 പേരെയാണഅ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം ആറുപേരെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട 50 പേരിൽ ആറുപേർ രാഷ്ട്രീയക്കാരാണ്. ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി സജ്ജൽ ചക്രവർത്തിയടക്കം മൂന്നുപേർ ഐ.എ.എസ്. ഉദ്യോഗസ്ഥരാണ്. കാലിത്തീറ്റ വിതരണക്കാരായ നാലുസ്ത്രീകൾക്ക് മൂന്നുവർഷം വീതം തടവും 50,000 രൂപവീതം പിഴയും വിധിച്ചു. അഞ്ചുലക്ഷം രൂപയ്ക്കുള്ള രണ്ട് പിഴശിക്ഷയാണ് ലാലുവിന്.

കേസിൽ 76 പ്രതികളുണ്ടായിരുന്നു. ഇതിൽ 14 പേർ വിചാരണക്കാലത്ത് മരിച്ചു. മൂന്നുപേർ മാപ്പുസാക്ഷികളാകുകയും രണ്ടുപേർ കുറ്റം സമ്മതിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. 2001-ലാണ് കേസിൽ കുറ്റപത്രം നൽകിയത്.

ഡിസംബർ 23-നാണ് രണ്ടാം കേസിന്റെ വിധി വന്നത്. ജനുവരി ആറിന് ശിക്ഷയും വിധിച്ചു. രണ്ടാംകേസിൽ ശിക്ഷിക്കപ്പെട്ട് ബിർസാ മുണ്ട ജയിലിലാണ് ലാലു ഇപ്പോൾ. ബാക്കിയുള്ള മൂന്നു കേസുകളിൽ രണ്ടെണ്ണം റാഞ്ചി സിബിഐ. കോടതിയിലും ഒന്ന് പട്ന സിബിഐ. കോടതിയിലും വിചാരണയിലാണ്.

കാലിത്തീറ്റ കുംഭകോണം

അവിഭക്ത ബിഹാറിൽ 1996-ലാണ് കാലിത്തീറ്റ കുംഭകോണം വെളിച്ചത്തുവന്നത്. കാലിത്തീറ്റ, മരുന്ന്, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയെന്ന വ്യാജബില്ലുകൾ കാണിച്ച് മൃഗസംരക്ഷണവകുപ്പ് സംസ്ഥാന സർക്കാരിന്റെ ട്രഷറികളിൽനിന്നായി 950 കോടി രൂപ പിൻവലിച്ചെന്നാണ് കേസ്.

അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു, മുൻ എംഎ‍ൽഎ.യും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ ജഗദീഷ് ശർമ തുടങ്ങിയവരാണ് കുംഭകോണത്തിനു പിന്നിലെന്ന് കണ്ടെത്തി. കേസന്വേഷണം ലാലു സ്തംഭിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയതും സർവീസ് കാലയളവ് നീട്ടിനൽകിയതും ലാലുവാണെന്നും പരാമർശമുണ്ട്..

രണ്ടായിരത്തിൽ ബിഹാർ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതിനുശേഷമാണ് കേസുകൾ പട്നയിൽനിന്ന് റാഞ്ചിയിലേക്ക് മാറ്റിയത്.