മലപ്പുറം: ഹൈടെക്ക് നഗരങ്ങളിൽ മാത്രം കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബരകാർ ഇനി മലപ്പുറത്തുകാർക്കു സ്വന്തം. നാട്ടുകാർക്ക് കൗതുകമായാണ് ലംമ്പോർഗിനി സെസ്റ്റോ എലമെന്റോ കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശികളാണ് ഈ ഇനത്തിലെ രാജ്യത്തെ ഏക കാറിന്റെ ഉടമകൾ.

വിപണിയിൽ 16കോടി ഇന്ത്യൻ രൂപയാണ് ലംമ്പോർഗിനിയുടെ വില. ഡൽഹി സ്വദേശിയിൽ നിന്നുമാണ് വണ്ടൂർ കോട്ടമ്മലിലെ സഹോദരങ്ങളായ അംജദും അംജുവും ലംമ്പോർഗിനിയെ സ്വന്തമാക്കിയത്. ഈ മോഡൽ ലംബോർഗിനിയുടെ ഇരുപത് കാറുകൾ മാത്രമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ നിന്നും ഇന്ത്യയിലെത്തിയ ഏക കാറാണ് വണ്ടൂർ സ്വദേശികൾ സ്വന്തമാക്കിയിരിക്കുന്നത്.

മണിക്കൂറിൽ 213 കിലോ മീറ്റർ വേഗതയിൽ ഓടുന്ന കാറിന് സ്റ്റാർട്ട് ചെയ്ത് രണ്ട് സെക്കന്റിനകം 100 കിലോ മീറ്റർ വേഗം കൈവരിക്കാനാകും. ഡൽഹി സ്വദേശിയിൽ നിന്നും കാർ വാങ്ങിച്ച ശേഷം ട്രക്ക് മുഖേനയാണ് കാർ കേരളത്തിലെത്തിച്ചത്.

ഒരു കിലോ മീറ്റർ ഓടുന്നതിന് രണ്ട് ലിറ്റർ പെട്രോൾ വരെയാണ് വേണ്ടിവരിക. കേരളത്തിലെ റോഡുകൾ ലംമ്പോർഗിനിക്ക് ഓടാൻ സുഖമമല്ലെന്നാണ് വിലയിരുത്തൽ. ഉടമകൾ കഴിഞ്ഞ ദിവസം വണ്ടൂർ നിലമ്പൂർ ഭാഗങ്ങളിൽ റോഡ് ഷോ നടത്തിയിരുന്നു. വലിയ ആൾ കൂട്ടമായിരുന്നു ലംമ്പോർഗിനിയെ കാണാനെനത്തിയത്.

ദുബൈയിലെ റാസ് പെട്രോളിയത്തിന്റെ ഉടമകളും മെട്രോ ഗ്രൂപ്പിന്റെ ഡയറക്ടർമാരുമായ അംജദ്, അംജൂം സഹോദരങ്ങൾ ആഡംബര കാറുകളുടെ താൽപര്യക്കാരാണ്. ജാഗ്വർ, ഹമ്മാർ, ഹാർലി ഡേവിഡ്‌സൺ ബൈക്ക് എന്നിവയും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനകം തന്നെ അഞ്ചരക്കോടി വിലയുള്ള ബെന്റിലി കോണിമെന്റൽ ജി ടിയും വാങ്ങി ദുബൈയിൽ നിന്നും കൊച്ചിയിലെത്തിച്ചിട്ടുണ്ട്. അടുത്ത ദിവസം ജി ടിയും വണ്ടൂരിലെത്തിക്കാനാണ് വാഹനപ്രിയരായ ഈ സഹോദരങ്ങളുടെ തീരുമാനം.

ഒരു കിലോ മീറ്റർ ഓടുന്നതിന് രണ്ട് ലിറ്റർ പെട്രോൾ ആവശ്യമുള്ള കാർ എന്തായാലും കേരളത്തിലെ റോഡിന് അനുയോജ്യമായേക്കില്ല. മുൻപ് മലപ്പുറം പുളിക്കൽ സ്വദേശി മുജീബ് റഹ്മാനും ലംബോർഗിനി സ്വന്തമാക്കിയിരുന്നു. അന്ന് സൺ ഉടമ കലാനിധി മാരനിൽ നിന്നുമായിരുന്നു അദ്ദേഹം ഈ വാഹനം വാങ്ങിയിരുന്നത്.