ലാൻ ബ്രാഡിയെന്ന കൊടും കുറ്റവാളിയെ നീണ്ട 52 വർഷം ജയിലിൽ പാർപ്പിക്കാനായി ബ്രിട്ടീഷ് സർക്കാരിന് 100 കോടി രൂപ ചെലവായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. തിങ്കളാഴ്ച ബ്രാഡി തന്റെ 79ാം വയസിൽ മരിച്ചതിനെ തുടർന്നാണീ കണക്ക് പുറത്ത് വന്നിരിക്കുന്നത്. അഞ്ച് കുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ തടവിലിട്ടത്. മനുഷ്യത്വവിരുദ്ധമാണ് വധശിക്ഷയെന്നും അതിനാൽ അത് ഒഴിവാക്കി പ്രതികൾക്ക് തടവ് ശിക്ഷ നൽകിയാൽ മതിയെന്നുമുള്ള പ്രചാരണം ഇന്ത്യയിൽ ശക്തിപ്രാപിച്ച് വരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ചെലവ് വിവരം പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെടുന്നവർക്കുള്ള ഒരു മുന്നറിയിപ്പായിട്ടാണ് ഇതിനെ പലരും വിലയിരുത്തുന്നത്. അതേ സമയം കുറ്റവാളികളെ തടവിലിടുന്നതിന് വേണ്ടി വരുന്ന ഇത്തരം കടുത്ത പാഴ്‌ച്ചെലവുകൾ ഒഴിവാക്കുന്നതിനായി വധശിക്ഷയ്ക്ക് വേണ്ടി ബ്രിട്ടീഷുകാർ മുറവിളി ആരംഭിച്ചിട്ടുമുണ്ട്. താൻ മരിക്കാനാഗ്രഹിക്കുന്നുവെന്ന് ഈ കൊടുംകുറ്റവാളി സ്വയം വെളിപ്പെടുത്തിയിട്ടും ഇത്രയും തുക ചെലവഴിച്ച് ദീർഘമായ വർഷങ്ങൾ അയാളെ തടവറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 1960കളിൽ ബ്രിട്ടനിൽ തൂക്കിക്കൊല്ലൽ നിരോധിക്കപ്പെടുന്നതിന് ഒരു മാസം മുമ്പായിരുന്നു ബ്രാഡിയും സഹകുററവാളിയായ മിറ ഹിൻഡ്‌ലെയും അറസ്റ്റിലായിരുന്നത്.

തനിക്ക് തടവിൽ കിടന്ന് മടുത്തുവെന്നും അതിനാൽ മരിക്കണമെന്നും പിടിവാശിയെടുത്ത് ബ്രാഡി 18 വർഷങ്ങൾക്ക് മുമ്പ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ അവസാനം കടുത്ത ശ്വാസകോശരോഗം ബാധിച്ച് മരിക്കുന്നത് വരെ അധികൃതർ വൻ തുക ചെലവഴിച്ച് ഇയാളെ തടവറയിൽ ജീവനോടെ നിലനിർത്തുകയായിരുന്നു. മരിക്കുന്നതിന് നാല് ദിവസം മുമ്പ് ഇയാൾ തന്റെ ഫീഡിങ് ട്യൂബ് മെർസിസൈഡിലെ സെക്യുർ അഷ് വർത്ത് ഹോസ്പിറ്റലിൽ വച്ച് നീക്കം ചെയ്തിരുന്നു. ബ്രാഡിയെയും മറ്റൊരു കൊടും കുറ്റവാളിയായ പീറ്റർ സുട്ട്ക്ലിഫ് എന്നിവരെയും പോലുള്ളവരെ വധിക്കുന്നതാണ് അനുയോജ്യമെന്നാണ് ഷിപ്ലെയിലെ ടോറി സ്ഥാനാർത്ഥിയായ ഫിലിപ്പ് ഡേവിസ് അഭിപ്രായപ്പെടുന്നത്.

ഹിൻഡ്‌ലെ 2002ൽ ന്യൂമോണിയ ബാധിച്ചാണ് ജയിലിൽ മരിച്ചത്. ബ്രാൻഡിയും ഹിൻഡ്‌ലെയും 1960കളിൽ 10നും 17നും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളെ കൊടും മർദനത്തിരകളാക്കി കൊല്ലുകയായിരുന്നു. 1965 ഒക്ടോബറിലായിരുന്നു ഇരുവരും അറസ്റ്റിലായിരുന്നത്. എന്നാൽ ആ വർഷം നവംബർ 9ന് ബ്രിട്ടനിൽ വധശിക്ഷ റദ്ദാക്കിയതിനാൽ ഇരുവരും കൊലക്കയറിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഒരാളെ ജയിലിൽ പാർപ്പിക്കുന്നതിന് വർഷത്തിൽ വരുന്ന ശരാശരി ചെലവ് 40,000 പൗണ്ടാണ്. ബ്രാഡി ജയിലിലോ അല്ലെങ്കിൽ റിമാൻഡിലോ ആയി കഴിഞ്ഞിരുന്നത് 20 വർഷങ്ങളായിരുന്നു. അതിനായി ചെലവായിരിക്കുന്നത് എട്ട് ലക്ഷം പൗണ്ടാണ്.

ഇതിന് പുറമെ ഒരു രോഗിയെ അഷ് വർത്തിൽ താമസിപ്പിച്ച് പരിചരിക്കുന്നതിന് പ്രതിവർഷം മൂന്ന് ലക്ഷം പൗണ്ട് ചെലവാകും. രോഗം ബാധിച്ച ബ്രാഡിയെ ഇവിടെയും താമസിപ്പിച്ചിരുന്നു. അതായത് ബ്രാഡിക്ക് 32 വർഷത്തേക്ക് ഇവിടെ ചെലവായിരിക്കുന്ന 9,600,000 പൗണ്ടാണ്. ബ്രാഡിയുടെ മരണവുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റ് ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ബ്രാഡി ജയിലിലോ അല്ലെങ്കിൽ അഷ് വർത്തിലോ ജീവിച്ചിരുന്നത് തങ്ങളുടെ ജീവിതത്തെ ഇത്രയും വർഷങ്ങൾ അലോസരപ്പെടുത്തിയിരുന്നുവെന്നാണ് അയാൾ കൊല ചെയ്ത കുട്ടികളുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നത്.