ന്യൂയോർക്ക്: ഒക്ടോബർ 6, 7, 8 തീയതികളിൽ ന്യുയോർക്കിൽ നടക്കുന്ന  പത്താം ദ്വൈവാർഷിക സമ്മേളനത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ കലാ- സാംസ്‌കാരിക- സാഹിത്യ സംഘടനകളുടേയോ വ്യക്തികളുടേയോ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം വിദ്യാലയങ്ങളെ പുരസ്‌കാരം നൽകി ആദരിക്കുന്നു.

കേരളത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയിൽപ്പെട്ട കുട്ടികളെ മാതാപിതാക്കളുടെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുക എന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന അദ്ധ്യാപകരേയും സഹപ്രവർത്തകരേയും ആദരിക്കുന്നതിന്റേയും അംഗീകരിക്കുന്നതിന്റേയും പ്രതീകമായാണ് അവർ ഉൾകൊള്ളുന്ന വിദ്യാലയങ്ങളെ പുരസ്‌കാരം നൽകി ആദരിക്കുവാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോസ് ഓച്ചാലിൽ, സെക്രട്ടറി ജെ. മാത്യൂസ് എന്നിവർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഭാഷയുടേയും സാഹിത്യത്തിന്റേയും നിലനിൽപ്പിനു ഭാഷാ പഠനം അനിവാര്യമാണ്. നിരവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ത്യാഗ സമ്പന്നരായ അദ്ധ്യാപകർ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്.

ഇവരുടെ പ്രവർത്തനങ്ങൾ നിസ്വാർത്ഥവും ശ്ലാഘനീയവുമാണെന്ന് പത്രക്കുറിപ്പിൽ തുടർന്ന് പറയുന്നു. ലാനാ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇവർ അറിയിച്ചു. വിദ്യാലയങ്ങളെക്കുറിച്ചു സംക്ഷിപ്ത വിവരണം ഉൾകൊള്ളുന്ന കുറിപ്പ് ലാനാ സെക്രട്ടറി ജെ. മാത്യുസിന് ഓഗസ്റ്റ് 30 ന് മുമ്പായി ഇമെയിൽ, പോസ്റ്റൽ സർവീസ് മുഖേന അയച്ചു നൽകേണ്ടതാണ്. jmathews335@gmail.com, Address: 64 Leroy Avenue, Valhalla, NY-10595

കൂടുതൽ വിവരങ്ങൾക്ക് :ജോസ് ഓച്ചാലിൽ (പ്രസിഡന്റ്) :972 686 8685, ജെ. മാത്യൂസ് : 914 450 1442, ജോസൻ ജോർജ് : 469 767 3208