വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ പ്രതികൂലമായ കാലാവസ്ഥയുണ്ടായാൽ അവ പലവിധ പ്രതിസന്ധികൾ നേരിടാറുണ്ടെന്ന് ഏവർക്കുമറിയാവുന്ന കാര്യമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എമിറേറ്റ്‌സ് വിമാനത്തിന് ലാൻഡിങ് വേളയിൽ നേരിടേണ്ടി വന്ന വെല്ലുവിളി. വ്യാഴാഴ്ച ജർമനിയിലെ ഡുസെൽഡോർഫ് എയർപോർട്ടിൽ എമിറേറ്റ്‌സ് എയർബസ് എ 380ന്റെ ടയറുകൾ ലാൻഡ് ചെയ്യാനായി നിലത്ത് മുട്ടിക്കഴിഞ്ഞപ്പോഴായിരുന്നു കൊടുങ്കാറ്റ് വീശിയത്. തുടർന്ന് വിമാനം അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുകയും ചെയ്തു. 500 യാത്രക്കാരുമായി ലാൻഡ് ചെയ്ത ഈ വിമാനം ആടിയുലയുന്ന ഭീതിദമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഏറെക്കൂറെ ശാന്തമായ കാലാവസ്ഥയിലായിരുന്നു വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങിയിരുന്നതെങ്കിലും വീലുകൾ നിലത്ത് മുട്ടിയപ്പോൾ സ്ഥിതിഗതികൾ വഷളാവുകയും കൊടുങ്കാറ്റ് വീശിയടിക്കുകയുമായിരുന്നു. പ്ലെയിൻ സ്‌പോട്ടറായ മാർട്ടിൻ ബോഗ്ഡാനാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തുടർന്ന് ഇത് യൂ ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. പൈലറ്റ് വിമാനം റൺവേയിൽ ഇറക്കാൻ തുടങ്ങിയപ്പോഴായിരുന്നു കാറ്റ് വീശിയടിച്ച് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. തുടർന്ന് വിമാനം ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് ആടിയുലയുകയും അതിനെ സുസ്ഥിരമാക്കാൻ പൈലറ്റ് കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവസാനം വിമാനത്തെ വറുതിയിലാക്കാൻ പൈലറ്റിന് സാധിച്ചു.

സാധാരണയായി ക്രോസ് വിൻഡുകളുടെ വേളയിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പൈലറ്റുമാർ വിമാനത്തെ ഒരു പ്രത്യേക ആംഗിളിലാണ് ഇറക്കാറുള്ളത്. കാറ്റിന്റെ ആഘാതത്തെ അതിജീവിക്കാനാണിത്. വടക്കൻ ജർമനിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത കൊടുങ്കാറ്റുകൾ ആഞ്ഞ് വീശുന്നുണ്ട്. സേവ്യർ കൊടുങ്കാറ്റ് ആഞ്ഞ് വീശി ഏഴ് പേരുടെ മരണത്തിന് കാരണമായിത്തീരുകയും ചെയ്തിരുന്നു. വടക്ക് കിഴക്കൻ പ്രദേശത്തായിരുന്നു കൊടുങ്കാറ്റിന്റെ താണ്ഡവം രൂക്ഷമായി നാശനഷ്ടങ്ങളേറെയുണ്ടായിരുന്നത്. ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബെർലിൻ, ഹാനോവർ, ഹാംബർഗ്, കെയിൽ എന്നീ നഗരങ്ങൾക്കിടയിലുള്ള ട്രെയിനുകൾ പെട്ടെന്ന് റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഡുസെൽഡോർഫ് കാറ്റിന്റെ പിടിയിൽ നിന്നും ഇതുവരെ രക്ഷപ്പെട്ടിരുന്നു. പക്ഷേ വ്യാഴാഴ്ച ഈ വിമാനം ഇറങ്ങുന്ന വേളയിൽ ഇവിടെയും കാറ്റെത്തുകയായിരുന്നു. മണിക്കൂറിൽ 22 മൈൽ വേഗതയിലുള്ള കാറ്റാണ് വിമാനത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂറോപ്യൻ എയർപോർട്ടുകളിൽ കാറ്റിൽ ഇറങ്ങുന്ന ആയിരക്കണക്കിന് വിമാനങ്ങളുടെ ദൃശ്യങ്ങൾ താൻ പകർത്തിയിരുന്നുവെന്നാണ് പ്ലെയിൻ സ്‌പോട്ടറായ മാർട്ടിൻ ബോഗ്ഡൻ വെളിപ്പെടുത്തുന്നത്. എന്നാൽ ഡുസെൽഡോർഫിലുണ്ടായ വിമാനത്തിന്റെ ലാൻഡിങ് തികച്ചും അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.