ന്യൂഡൽഹി: സോണിയാഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ പരാമർശത്തിലും ഭൂമി ഏറ്റെടുക്കൽ ബില്ലിലും കലങ്ങി ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയ ഇന്ന് ഭൂമി ഏറ്റെടുക്കൻ ഓർഡിനൻസ് ആയുധമാക്കി പ്രതിപക്ഷം സഭയെ ബഹളത്തിൽ മുക്കുകയായിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സഭ പ്രക്ഷുബ്ദമായി. ബഹളങ്ങൾക്കിടെ സഭാ നടപടികൾ രണ്ടുതവണ തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. ഭൂമിയേറ്റെടുക്കൽ ഓർഡിനൻസ് രണ്ടാമതും ഇറക്കിയതായി കേന്ദ്ര രാജീവ് പ്രദാപ് റൂഡി ലോക്‌സഭയെ അറിയിച്ചു. ഇതോടെ ഓർഡിനൻസ് കർഷകര വിരുദ്ധമാണെന്നും ഓർഡിനൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി.

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സ്പീക്കർ സുമിത്രാ മഹാജൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങളായ ജ്യോതിരാദിത്യ സിന്ധ്യ, കെ.സി.വേണുഗോപാൽ എന്നിവർ നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ബഹളത്തെ തുടർന്ന് ലോക്‌സഭാ നടപടികൾ തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ യമനിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയിൽ പ്രസ്താവന നടത്തി.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും സഭയിൽ ബഹളമുണ്ടായി. സഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് മന്ത്രി മാപ്പുപറഞ്ഞത്. സോണിയാ ഗാന്ധിയുടെ തൊലി വെളുത്തതായതിനാലാണ് അവരെ കോൺഗ്രസ് നേതാവാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. സോണിയാ ഗാന്ധിക്ക് പകരം രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് ജീവിത സഖിയാക്കിരുന്നതെങ്കിൽ അവരെ കോൺഗ്രസ് നേതാവായി പരിഗണിക്കുമോ എന്നും ചോദിച്ചു.

ബിഹാറിലെ നവാദ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തിയ ബിജെപി എംപിയാണ് ഗിരിരാജ് സിങ്. ലൈംഗികവും വർഗ്ഗീയവുമായ അതിഗുരുതര അധിക്ഷേപമാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്നും ഇതിനെ പിന്തുണക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. നീണ്ട അവധിക്ക് ശേഷം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിലെത്തി. ലോക്‌സഭാ സഭാ നടപടികൾ മാത്രമാണ് ഇന്ന് തുടങ്ങിയത്. രാജ്യസഭ 23ാം തിയതി മുതൽ സമ്മേളിക്കും.