അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കല്ലാർ പാലത്തിനടുത്ത് മലമുകളിൽ നിന്നും ഭീമൻ കല്ല് റോഡിൽ പതിച്ച സംഭവം വിരൽ ചൂണ്ടുന്നത് ദുരന്തസാധ്യതയിലേക്ക്. ദുരന്ത ഭീതി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് മലമുകളിൽ നിന്നും വലിയ കല്ല് റോഡിൽ പതിച്ചത്. ഈ സമയം കനത്ത മഴയുണ്ടായിരുന്നു. കല്ല് റോഡിൽ പതിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പുലരുവോളം തടസപ്പെട്ടിരുന്നു.

ഇപ്പോൾ ചെറിയ കല്ലുകളും മണ്ണും നീക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ലിയവാഹനങ്ങൾക്ക് അടിമാലി-ആനച്ചാൽ വഴി മൂന്നാറിലെത്താം. നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് പാതയുടെ ഒരു വശം കുന്നും മറുവശം 500 മീറ്ററിലേറെ താഴ്ചയിലേക്ക് എത്തുന്ന വനപ്രദേശവുമാണ്.താഴെ ദേവിയാർ ഒഴുകുന്നുണ്ട്.

ഉയർന്നുനിൽക്കുന്ന ഭാഗത്തുനിന്നും ഇടയ്ക്കിടെ മരങ്ങളും കല്ലുകളും റോഡിൽ പതിക്കുന്നുണ്ട്.മഴക്കാലത്ത് ചെറുതും വലതുമായ മണ്ണിടിച്ചിലുകൾ മൂലം ദതാഗതം തടസ്സപ്പെടുന്നതും പതിവാണ്. വർഷങ്ങൾക്ക് മുമ്പ് അഞ്ചാംമൈലിൽ മരം കാറിന് മുകളിൽ മരംപതിച്ച് യാത്രകരിൽ ഒരാൾ മരണപ്പെട്ടിരുന്നു.

ഏതാനും വർഷം മുമ്പ് വാളറയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 4 പേർ മരണപ്പെട്ടിരുന്നു. മൂന്നാറിലേക്കുള്ള പ്രധാന പാത ആയതിനാൽ ഇതുവഴി ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇന്നലെ രാത്രി കല്ലാറിൽ കല്ലിനടിയിൽ വാഹനങ്ങൾ പെടാതിരുന്നത് അർത്ഥരാത്രിയോട് അടുത്തസമയം ആയതിനാൽ മാത്രമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അഞ്ചാംമൈലിനടുത്ത് റോഡ് തകർന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടിരുന്നു.ഈ ഭാഗത്ത് റോഡ് നിർമ്മാണം പൂർത്തിയാവാത്തത് ദുരന്തസാധ്യത വർദ്ധിപ്പിക്കുന്നതായുള്ള ആരോപണവും ശക്തമായിട്ടുണ്ട്.പാതയിലെ ദുരന്ത ഭീതി അകറ്റാൻ അധകൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.