കോതമംഗലം: കനത്തമഴയിൽ ഇടമലയാർ ഡാമിന് സമീപം ഉരുൾ പൊട്ടൽ. കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം, വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചോട് എന്നി ആദിവാസി കോളനികളിലേയ്ക്കുള്ള വനപാതയിൽ വൈശാലി ഗുഹയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയത്. ഇന്നലെ രാത്രി 9 -ന് ശേഷമാണ് ഉരുൾപൊട്ടലുണ്ടായത്. ഇതോടെ ആദിവാസിമേഖല ഒറ്റപ്പെട്ടു.

ഇടമലയാർ ഡാമിന് സമീപത്തുനിന്നാണ് ഈ പാത ആരംഭിക്കുന്നത്. ഡാമിൽ നിന്നും 300 മീറ്ററോളം അകലെയാണ് ആദ്യത്തെ ഉരുൾപൊട്ടൽ. അധികം ദൂരെയല്ലാതെ സമീപ പ്രദേശങ്ങളിൽ രണ്ടിടത്തുകൂടി ഉരുൾപൊട്ടിയിട്ടുണ്ട്. പാതയുടെ വശങ്ങളിൽ പലസ്ഥലത്തും നീർച്ചാൽ രൂപപ്പെട്ടിട്ടുണ്ടെന്നും ഇനിയും ഉരുൾപൊട്ടുന്നതിന് സാധ്യതയുണ്ടെന്നുമാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.

മഴതുടരുന്നതിനാൽ റോഡ് നന്നാക്കി, ഗതാഗതം പുസ്ഥാപിക്കുന്നതിനുള്ള നീക്കം ഇതുവരെ ആരംഭിച്ചിട്ടില്ല. പഞ്ചയത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഈ സി റോയ്, മെമ്പർമാരായ എൽദോസ് ബേബി, സനൂപ് കെ എസ്് എന്നിവർ സ്ഥലം സന്ദർശിച്ചു.

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്ച ജാഗ്രതാ നിർദ്ദേശം നൽകി. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെലോ അലർട്ടുമാണ്. ഇന്നലെ വരെ തെക്കൻ ജില്ലകളിൽ മഴയ്ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കൻ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. മഴ ശക്തിപ്പെടാൻ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനിൽക്കാൻ സാധ്യതയുണ്ട്.

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.