തിരുവനന്തപുരം : ഭൂമി വിഷയം പോലെ കടുത്ത അജണ്ടകൾ കൈകാര്യം ചെയ്യാൻ മുഖ്യ രാഷ്ട്രീയ പാർട്ടികൾക്കും സർക്കാരുകൾക്കും ഭയമാണെന്ന് ഏകതാ പരിഷത്ത് അദ്ധ്യക്ഷൻ ഡോ. പി.വി രാജഗോപാൽ. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ലാന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത്

സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പദ്ധതികലോ പെൻഷനുകളോ ഒരു പക്ഷേ സർക്കാരുകൾ നടപ്പിലാക്കിയേക്കും. പക്ഷേ ഭൂമി വിതരണം സർക്കാരുകളുടെ അജണ്ടയിലേക്ക് വരികയില്ല. കാറും ആഡംബര വസ്തുക്കളും വാങ്ങാൻ ലോണുകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ ഒരിക്കലും ഭൂമി വാങ്ങാൻ വായ്പ നൽകാറില്ല. 40 ശതമാനം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ഇത്രകാലമായും ലഭിച്ചിട്ടില്ല എന്നത് ഗുരുതര സ്ഥിതി വിശേഷമാണ്. അതിനായുള്ള പോരാട്ടങ്ങൾ എളുപ്പമല്ല. ലോഹ്യയുടെ കാലത്ത് ഉയർത്തിയ അതേ മുദ്രാവാക്യം തന്നെ ഭുവിതരണ വിഷയത്തിൽ ഇപ്പോഴും ഉയർത്തേണ്ടി വരുന്ന അവസ്ഥ അതാണ് സൂചിപ്പിക്കുന്നത്. ഭൂപ്രശ്നത്തെ വൈജ്ഞാനികമായി അടുത്തറിഞ്ഞ് ജനകീയ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ഏക പോംവഴി. അത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്ന വെൽഫെയർ പാർട്ടിയുടെ നിലപാട് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂപരിഷ്‌കരണം നടന്നു എന്നു ഘോഷിക്കപ്പെടുന്ന കേരളത്തിൽ ഇപ്പോഴും 5 ലക്ഷത്തിലധികം ഭൂരഹിതകുടുംബങ്ങളുണ്ട് എന്നത് എത്രമാത്രം പരാജയമായിരുന്നു ഇടതുപക്ഷത്തിന്റെ ഭൂനയമെന്നത് വ്യക്തമാക്കുന്നുവെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച വെൽെഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.കേരളത്തിലെ ജാതി വ്യവസ്ഥയാണ് ഭൂരാഹിത്യത്തിലെ പ്രധാന വില്ലൻ. ജാതീയതയെ അഡ്രസ് ചെയ്യാതെ ഭൂപ്രശ്നം പരിഹരിക്കാനാവില്ല. ഇടതുപക്ഷം അത് മറച്ച് പിടിക്കുകയാണ്. ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവിന്റെ മറവിൽ തോട്ടമുടമകൾ വൻതോതിൽ ഭൂമി കൈയേറി വച്ചിരിക്കുകയാണ്. മൂന്നാറടക്കം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പാർട്ടി നേതാക്കളും അവരുടെ ബിനാമികളും ഭൂമി കൈവശം വച്ചിരിക്കുന്നു. അത് തിരിച്ചു പിടിച്ച് ഭൂരഹിതർക്കു വിതരണം ചെയ്യാനുള്ള തന്റേടം സർ്കാർ കാണിക്കണം. വെൽഫെയർ പാർട്ടി ഭൂപ്രശ്നങ്ങൾക്ക് രാഷ്ട്രീയ പിരഹാരം കാണാനുള്ള പരിശ്രമത്തിലാണ്. നിലവിലുള്ള നിയമങ്ങൾക്ക് കൈയേറ്റത്തെ ഒഴിപ്പിക്കാനോ കോർപ്പറേറ്റുകളേയും ഭൂമാഫിയകളെയും നിലക്കു നിർത്താനോ ആവില്ല. അതിനായി പുതിയ നിയമനിർമ്മാണം വേണം. അത്തരത്തിലുള്ള നിയമ നിർമ്മാണപ്പോരാട്ടത്തിനായുള്ള വൈജ്ഞാനികമായ തുടക്കമാണ് ലാന്റ് സമ്മിറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹഖിം സ്വാഗതവും പ്രോഗ്രാം കൺവീനർ മിർസാദ് റഹ്മാൻ ഉദ്ഘാടന സെഷന് നന്ദിയും പറഞ്ഞു.

തുടർന്ന് ഭൂവിനിയോഗം- നിയമങ്ങളും ചരിത്രവും എന്ന ആദ്യ സെഷനിൽ കേരളത്തിലെ ഭൂ നിയമങ്ങൾ എന്ന വിഷയത്തിൽ എം.എം സോമശേഖരൻ, ഭൂഉടമസ്ഥതയും ജാതിയും എന്ന വിഷയത്തിൽ രേഖാരാജ്, നിയമത്തിലേക്ക് വഴിതുറന്ന പോരാട്ടങ്ങൾ എന്ന വിഷയത്തിൽ ജോസഫ് എം ജോൺ, തോട്ട ഭൂമി നിയമം-ചരിത്രം-വർത്തമാനം എന്ന വിഷയത്തിൽ എം.ജെ ബാബു, ഭൂപരിഷ്‌കരണങ്ങളുടെ ഇന്ത്യൻ അനുഭവം എന്ന വിഷയത്തിൽ രാജേന്ദ്ര പ്രസാദും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.കെ കൊച്ച് , ടി.മുഹമ്മദ് വേളം എന്നിവർ സെഷനിൽ വിദഗ്ദാഭിപ്രായം രേഖപ്പെടുത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം അദ്ധ്യക്ഷത വഹിച്ചു. സജീദ് ഖാലിദ് സ്വാഗതവും അഷ്റഫ് കല്ലറ നന്ദിയും പറഞ്ഞു.

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ലാന്റ് സമ്മിൽ 5 അക്കാദമിക് സെഷനുകളും വിവിധ രാഷ്ട്രീയ സാസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സംവാദവും അടക്കം 6 സെഷനുകളുണ്ട്. ലാന്റ് സമ്മിറ്റിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് (മെയ് 11) ഗാന്ധിപാർക്കിൽ നടക്കുന്ന സമ്മേളനം ഗുജറാത്ത് ജാതി നിർമൂലൻ സംഘ് അദ്ധ്യക്ഷൻ രാജു സോളങ്കി ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസ, തമിഴ്‌നാട് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ, കർണാടക ജനറൽ സെക്രട്ടറി താഹിർ ഹുസൈൻ, പാർട്ടി സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.