ലണ്ടൻ: ബക്കിങ്ങാം പാലസിന്റെ മുൻവശത്തെ ഇരുമ്പുഗേറ്റിൽ ചവിട്ടിക്കയറാൻ ശ്രമിച്ച യുവതിയെ പൊലീസ് കൈയോടെ പിടികൂടി. 30 വയസ്സ് തോന്നിക്കുന്ന യുവതിയാണ് സന്ദർശകരും സുരക്ഷ ഈദ്യോഗസ്ഥരും നോക്കി നിൽക്കെ സാഹസത്തിന് മുതിർന്നത്. വൈകിട്ട് 5.40-ഓടെയായിരുന്നു സംഭവം. യുവതിയുടെ സാഹസം ക്യാമറയിൽ പകർത്താൻ സഞ്ചാരികൾ തിരക്കുകൂട്ടുന്നതിനിടെ, പൊലീസ് എത്തി അവരെ വലിച്ച് താഴെയിട്ടു. കൈയാമംവെച്ച് യുവതിയെ കൊണ്ടുപോയത് ആളുകൾ ആർപ്പുവിളികളോടെയാണ് കണ്ടുനിന്നത്.

രാജ്ഞിയെയും രാജ്യത്തെയും ചീത്തവിളിച്ചുകൊണ്ടാണ് യുവതി പൊലീസിനൊപ്പം പോയത്. കൊട്ടാരമുറ്റത്ത് കടക്കുന്നതിന് മുമ്പെ യുവതിയെ കീഴ്‌പ്പെടുത്തിയതായി മെട്രൊപ്പൊലിറ്റൻ പൊലീസ് വക്താവ് പറഞ്ഞു. അതിക്രമിച്ചുകടന്നതിന്റെ പേരിലാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഗുരുതരമായ സംഘടിത കുറ്റകൃത്യനിയമവും ചുമത്തിയിട്ടുണ്ട്. നിലവിൽ യുവതിയെ സെൻട്രൽ ലണ്ടൻ പൊലീസ് സ്‌റ്റേഷനിൽ തടവിൽവെച്ചിരിക്കുകയാണ്.

സംഭവത്തിന് ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് മെറ്റ് പൊലീസ് വ്യക്തമാക്കി. ഗേറ്റിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിടെ, രണ്് പൊലീസ് ഓഫീസർമാർ ചേർന്ന് യുവതിയെ വലിച്ചിടുന്ന വീഡിയോ ഇതിനകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട. ഗേറ്റിന്റെ പാതിയോളം കയറിയശേഷമാണ് ഇവരെ പിടിച്ചിറക്കിയത്. തമാശ ഒപ്പിച്ചതാണെന്നാണ് കണ്ടുനിന്നവർ ആദ്യം കരുതിയത്. പിന്നീട് പൊലീസെത്തി യുവതിയെ പിടികൂടിയതോടെയാണ് സംഗതി ഗൗരവമുള്ളതാണെന്ന് ആളുകൾക്ക് മനസ്സിലായത്.

നീല ജീൻസും കറുത്ത ടി ഷർട്ടും ധരിച്ച യുവതിയെ നിമിഷങ്ങൾകൊണ്ടുതന്നെ പൊലീസ കീഴടക്കി വിലങ്ങണിയിച്ചു. കെൻസിങ്ടണിൽ ടാക്‌സി കാർ ജനക്കൂട്ടത്തിനുനേരെ ഇടിച്ചുകയറിയ സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അതുകൊണ്ട് തുട്ക്കത്തിൽ അധികൃതരും സംഭവത്തെ ഗൗരവത്തോടെയാണ് കണ്ടത്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് മുന്നിൽ നടന്ന സംഭവം സാധാരണ കാറപകടമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.