- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിയായേ, ഇത് മതിയായേ.. എന്നലറി പതിനായിരങ്ങൾ ലണ്ടനിലെ പ്രതിഷേധ തെരുവിൽ; എ.ഐ.സിയുടെ ബാനറിൽ വിരലിലെണ്ണാൻ മലയാളികൾ എത്തിയെങ്കിലും മലയാളി സംഘടനകളൊന്നും പേരിനു പോലുമില്ല; അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും ഗർജ്ജിക്കുന്ന മലയാളി സിംഹങ്ങൾക്ക് കൊടി പിടിക്കാൻ മടി; മാർച്ച് നയിക്കാനെത്തിയത് രണ്ടു പെൺപോരാളികൾ
ലണ്ടൻ: നൂറു പൗണ്ട് നൽകിയാൽ പോലും ചെറു കാറിനടക്കം ഫുൾ ടാങ്ക് പെട്രോളോ ഡീസലോ കിട്ടില്ല. ട്രോളി എടുത്തു ഷോപ്പിങ് നടത്തിയവർ ഹാൻഡ് ബാസ്കറ്റിലേക്ക് മാറിയിരിക്കുന്നു. പ്രീമിയം ബ്രാൻഡ് വാങ്ങി ശീലിച്ച മിക്കവാറും പേരും വാല്യൂ ഉല്പന്നങ്ങളിലെക്ക് ചുവടു വച്ചിരിക്കുന്നു. സീസണൊപ്പിച്ചു വസ്ത്രം മാറിയിരുന്നവർ സീസണുകൾ വരുന്നതും പോകുന്നതും അറിയുന്നതേയില്ല. സിനിമയും ആഘോഷവും പോലും പലരും വേണ്ടെന്നു വയ്ക്കുകയാണ്. ബ്രെക്സിറ്റും കോവിഡും യുക്രൈൻ യുദ്ധവുമല്ല ലോകം ഒന്നാകെ സാമ്പത്തിക കെടുതിയിൽ വീഴുമ്പോൾ പത്തുവര്ഷത്തിലേറെ നീണ്ട മാന്ദ്യത്തിൽ നിന്നും താത്കാലികമായി തടി തപ്പിയ ബ്രിട്ടീഷ് ജനത മറ്റൊരു വറുതിയുടെ കാലത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ് . ഓരോ മാസവും പലിശ നിരക്ക് കൂട്ടി ജനങ്ങൾ പണം ചെലവിടുന്നത് കുറയ്ക്കാം എന്ന് കരുതുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങൾ സ്വീകരിക്കുന്ന ഒരു നടപടിയും കടകളിലെ സാധന വിലയിൽ പ്രതിഫലിക്കുന്നില്ല എന്ന് കണ്ടു അന്തം വിടുകയാണ് . ഈ സാഹചര്യത്തിലാണ് ഇന്നലെ പതിയിരങ്ങൾ മതിയായേ , ഇത് മതിയായേ എന്നലറി വിളിച്ചു ലണ്ടൻ നഗരത്തെ പ്രകമ്പനം കൊള്ളിച്ചത് .
''സമര രംഗത്തേക്കോ , അയ്യോ ഇല്ലേയില്ല '', പേരും പടവും നിർബന്ധം
അതേസമയം യുകെ മലയാളികൾക്കിടയിൽ നിന്നും മുഴുവൻ സമയ രാഷ്ട്രീയക്കാർ ഉണ്ടായിട്ടും കാര്യമായി മലയാളി മുഖങ്ങൾ പ്രതിഷേധത്തിൽ ഉണ്ടായില്ല എന്നത് കൗതുകമായി. ഏതാനും മലയാളി കൗൺസിലർമാർ ജയിച്ചു കയറിയിട്ടും ഇവരാരും പ്രതിഷേധത്തിനു എത്തിയതായി സൂചനയുമില്ല. വിരലിൽ എണ്ണാവുന്ന മലയാളി പ്രതിഷേധകരെ കണ്ടെത്താനായത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യുണിസ്റ് എന്ന സംഘടനയുടെ ബാനറിനു കീഴിലാണ്. ജന ജീവിതം അത്യന്തം ദുസ്സഹമായിട്ടും ഈ പ്രതിഷേധത്തിനു ഒപ്പം പങ്കുചേരണമെന്നു കോൺഗ്രസ് അനുഭവമുള്ള ഓ ഐ സി സി , ഐ ഓ സി എന്നീ സംഘടനകൾക്കോ മുസ്ലിം ലീഗിന്റെ അനുഭാവികളായ കെ എം സി സിക്കാരെയോ ഇടതു ചിന്താഗതിക്കാരായ സമീക്ഷക്കോ കൈരളിക്കൊ തോന്നിയില്ലെന്നത് വിചിത്രമായി . ബിജെപി അനുഭാവമുള്ള സംഘടനക്ക് യുകെയിൽ കാര്യമായ വേരോട്ടം മലയാളികൾക്കിടയിൽ ഇല്ലെങ്കിലും ഇവരുടെ പ്രതിനിധികളും സമരഭാഗമാകാൻ തയ്യാറായില്ല . രാഷ്ട്രീയത്തിലെ പുതുമുഖമായ ആപിന്റെ പേരിൽ സജീവമായ മൂന്നു വാട്സാപ്പ് ഗ്രൂപ്പുകൾ യുകെയിൽ ഉണ്ടെങ്കിലും അടുത്തിടെ നിയമിതനായി എന്ന് പറയപ്പെടുന്ന യുകെ കോ ഓഡിനേറ്റർ അടക്കം ആർക്കും ഈ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുക്കണമെന്നും തോന്നിയതുമില്ല .
യുകെ മലയാളികളുടെ മൊത്തം പേറ്റന്റ് എടുത്തിരിക്കുന്ന മലയാളി കേന്ദ്ര സംഘടനയാകട്ടെ പുതിയ ഭാരവാഹികളെ അണിയിച്ചൊരുക്കുന്ന തിരക്കിലായതിനാൽ ലണ്ടൻ നഗരം ജീവിത പ്രതിസന്ധി മറികടക്കാനുള്ള ചരിത്രം സൃഷ്ട്ടിക്കുന്നതൊന്നും അറിയാതെയും പോയി .എന്തായാലും ഇന്നലെ വൈകിട്ടോടെ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്താണ് നേതാക്കൾ വീടുകളിലേക്ക് മടങ്ങിയത് . മുടക്കം കൂടാതെ വാർത്ത ശകലവും പടങ്ങളും മാധ്യമങ്ങൾക്കെത്തിക്കാനും മുറ പോലെ മറന്നുമില്ല . ഏതു അന്താരഷ്ട്ര വിഷയത്തിലും മാധ്യമങ്ങൾക്ക് പത്ര പ്രസ്താവനകൾ നല്കാൻ മുന്നിൽ നിൽക്കുന്ന ഈ സംഘടനാ പ്രതിനിധികൾ ആരും യുകെ മലയാളികൾ കൂടി നേരിടുന്ന ജീവിത പ്രശ്ങ്ങളിലേക്കു കണ്ണയക്കാൻ തയ്യാറല്ല എന്നുകൂടിയാണ് ലണ്ടൻ ഇന്നലെ തെളിയിച്ചതും . അനിത പുല്ലയിൽ എന്ന വിവാദ താരം അംഗമായ പ്രവാസി സംഘടനാ മുതൽ ലോക മലയാളിയെന്നും വേൾഡ് മലയാളിയെന്നും ഒക്കെ തരാതരം പേരിട്ട പൊങ്ങച്ചക്കൂട്ടത്തിൽ നിന്നും പേരിനു പോലും ഒരാൾ താൻ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേരോ ബാനറോ പ്ലക്കാര്ഡുമായോ ഈ ജനകീയ പ്രതിഷേധത്തിൽ എത്തിയില്ല . സംഘടന പ്രവർത്തനം എന്നാൽ സാമൂഹ്യ വിഷയങ്ങളോട് കലഹിക്കാൻ ഉള്ള സാഹചര്യം കൂടിയാണ് ഒരുക്കി തരുന്നത് എന്നതുമാണ് മലയാളി സംഘടന പ്രവർത്തകർ സൗകര്യ പൂര്വ്വം മറന്നു കളഞ്ഞതും .
''ഞങ്ങൾക്കും ജീവിക്കണം ''
ഇനഫ് ഈസ് ഇനഫ് എന്ന മുദ്രാവാക്യവുമായി ഇന്നലെ ലണ്ടൻ തെരുവിനെ കീഴടക്കിയവർ ഞങ്ങൾക്കും ജീവിക്കണം എന്നാണ് വിളിച്ചു പറഞ്ഞത് . യുകെയിലെ പ്രധാന തൊഴിൽ സംഘടനയായ ടി യു സി യാണ് പതിനായിരങ്ങളെ ബെറ്റർ ഡീൽ എന്ന മുദ്രാവാക്യവുമായി തെരുവിൽ എത്തിച്ചത് . നാണയപ്പെരുപ്പവും വിലക്കയറ്റവും അതിന്റെ ഭീകര മുഖം പുറത്തെടുത്തതോടെ ആരാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത് എന്ന് പോലും നോക്കാതെയാണ് വിവിധ ജനകീയ സംഘടനകൾ മാർച്ചിൽ അണിനിരന്നത് . ചുട്ടുപൊള്ളുന്ന വെയിൽ ദിനങ്ങൾ ലഭിച്ച സന്തോഷത്തിൽ ജനങ്ങൾ പാർക്കിലേക്കും ബീച്ചിലേക്കും മാർച്ച് ചെയ്ത അവസരത്തിൽ തന്നെയാണ് ഇത് സന്തോഷിക്കാനുള്ള സമയമല്ലെന്നു ഓർമ്മപ്പെടുത്തി പതിനായിരങ്ങൾ ലണ്ടൻ തെരുവിൽ ഭരണാധികാരികളുടെ മൂക്കിന് തുമ്പത്തേക്കു മാർച്ച് ചെയ്തെത്തിയത് .
സിംഗിൾ പേരന്റ് എന്നറിയപ്പെടുന്ന വിഭാഗത്തിൽ ഉള്ളവർ കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പോലും പ്രയാസപ്പെടുകയാണ് . മിക്കവാറും പേരും ഫുഡ് ബാങ്കിനെ ആശ്രയിച്ചാണ് കഴിയുന്നത് . മോഡേൺ സൊസൈറ്റി എന്ന് വീമ്പു മുഴക്കുമ്പോഴും ഇത്തരത്തിൽ പ്രയാസപ്പെടുന്നുവരുടെ എണ്ണം യുകെയിൽ അനുദിനം വർധിക്കുകയാണ് . ഈ സാഹചര്യം ഒരുക്കിയത് സർക്കാർ ആണെന്നും സമര പോരാളികൾ ചൂണ്ടിക്കാട്ടുന്നു . സ്കൂളിലെ ഉച്ചഭക്ഷണം വീട്ടിൽ കൊണ്ടുവന്നു വൈകിട്ടത്തെ ആഹാരമാക്കുന്ന കുഞ്ഞുങ്ങളുടെ കഥയാണ് സമൂഹത്തിന്റെ താഴെത്തട്ടിൽ കേൾക്കുന്നതെന്നും സമര വേദിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി . സമൂഹത്തിൽ അസമത്വം അതിവേഗം പടരുകയാണ് എന്നും സമരക്കാർ ചൂണ്ടിക്കാട്ടി .
നേതൃത്വം ഏറ്റെടുത്തു പെൺപോരാളികൾ
ജനങ്ങൾ പ്രയാസപ്പെടുമ്പോൾ സർക്കാർ നോക്കി നിൽക്കുന്നു എന്നാണ് സമരക്കാർ പ്രധാനമായും മുദ്രാവാക്യങ്ങളിലൂടെ ഉയർത്തിക്കാട്ടിയത് . ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പാർലിമെന്റ് സ്ക്വായർ ലക്ഷ്യമാക്കിയാണ് മാർച്ച് ചെയ്തെത്തിയത് . ടി യു സി സെക്രട്ടറി ഫ്രാൻസാസ് ഓഗ്രേഡിയുടെ ഓരോ വാക്കും ആവേശത്തോടെയാണ് ജനസഹസ്രങ്ങൾ ഏറ്റെടുത്തതു . പിന്തുണയുമായി ലേബർ പാർട്ടി ഉപനേതാവ് ആഞ്ചേല റെയ്നറുടെ മുഴുവൻ സമയ സാന്നിധ്യവും ശ്രദ്ധ നേടി . ''യുദ്ധം നിർത്തൂ , ജനക്ഷേമമല്ല നിർത്തേണ്ടത്'' എന്നാണ് സമര പോരാളികൾ വീറോടെ ഏറ്റുവിളിച്ചത് . അദ്ധ്യാപകർ അടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യരും സമര പോരാളികളായി എന്നതും പ്രത്യേകതയായി . കാമറോണിന്റെ ഭരണകാലം മുതലുള്ള ശമ്പള വെട്ടികുറക്കലിൽ അദ്ധ്യാപകർക്ക് ശരാശരി 10000 പൗണ്ടിന്റെ നഷ്ടം ഉണ്ടായതായാണ് സണ്ടർലൻഡ് സിക്സ്ത് ഫോം കോളേജിൽ നിന്നെത്തിയ ആൻഡി ലൂവിസ് പറയുന്നത് . ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കും സ്കൂൾ ഓഫിസ് ജീവനക്കാർക്കും കാറിൽ ഇന്ധനം നിറയ്ക്കാൻ പോലും പണം തികയുന്നില്ല . ഇത്തരത്തിൽ സമൂഹത്തിന്റെ ഓരോ മേഖലയിൽ ഉള്ളവരും കഷ്ടപ്പെടുകയാണ് . ജോലിക്കു വരാനുള്ള ഇന്ധനം കാറിൽ നിറയ്ക്കാൻ പണമില്ലാത്തതിനാൽ ജോലിക്കു വരാതെ വീട്ടിൽ ഇരിക്കുന്നവരും നിരവധിയാണ്.