സിംല: ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ലാഹുൽ സ്പിറ്റിയിലെ നാൽഡ ഗ്രാമത്തിന് സമീപമുള്ള പർവത താഴ്‌വാരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.

മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ചെനാബ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മണ്ണിടിച്ചിലിൽ 16 പേരെ കാണാതായിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

13 ഗ്രാമങ്ങളിലെ രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു. കനത്ത മണ്ണിടിച്ചിലിൽ നദിയുടെ ഒഴുക്ക് തടസപ്പെട്ടതാണ് പ്രദേശത്തെ ആശങ്കയിലാക്കിയത്. മണ്ണ് നിറഞ്ഞ് പ്രദേശത്ത് ഒരു തടാകം രൂപപ്പെട്ടു. ഇതോടെ വീടുകളും കൃഷിസ്ഥലങ്ങളും ഭീഷണിയിലായി. പ്രതിരോധനടപടിയുടെ ഭാഗമായാണ് ആളുകളെ ഒഴിപ്പിച്ചതെന്ന് ജില്ലാ ഭരണാധികാരികൾ വ്യക്തമാക്കി.

 

നദിയുടെ ഒഴുക്ക് പുനരാരംഭിച്ചതായി സൂചിപ്പിച്ച് മുഖ്യമന്ത്രി ജയ് റാം താക്കൂർ ട്വീറ്റ് ചെയ്തു. ആർക്കും അപകടം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചതായും, നാട്ടുകാർ ആരും അപകടസ്ഥലത്തേക്ക് പോകരുതെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ഡോ. രാംലാൽ മാർക്കണ്ഡയെ അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രദേശത്തെ സാഹചര്യം വിലയിരുത്താൻ ജില്ലാ ഭരണകൂടം ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്.

 

ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മണ്ണിടിഞ്ഞ് നദിയുടെ ഒഴുക്ക് പൂർണമായി തടസപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹിമാചലിലെ പലപ്രദേശങ്ങളിലുമുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരാണ് മരിച്ചത്. കിനൗർ ജില്ലയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ 14 പേരാണ് മരിച്ചത്.