- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിവാസൽ തട്ടാത്തിമുക്കിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി; താമസക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി; ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്; വീട് പൂർണമായി തകർന്നു; ഇവിടെ ഭീഷണിയിലായത് മൂന്ന് കുടുംബങ്ങൾ
അടിമാലി: പള്ളിവാസൽ തട്ടാത്തിമുക്കിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി.താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറി. ഇന്നലെ രാത്രി 11.30 ഓടെ ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായി.വലിയപാടം ജോയിയുടെ വീടിന്റെ മുകളിലേക്കാണ് മലയിടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ആലീസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്.
വീട് താമസയോഗ്യമല്ലാത്ത നിലയിൽ തകർന്നു. ജോയി മൊബൈലിൽ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ അയൽവാസികളാണ് വീടിന്റെ ഭിത്തി മറിഞ്ഞുവീണ്, അടിയിൽപ്പെട്ടിരുന്ന ആലിസിനെ പുറത്തെടുത്തത്.
വീടിരിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്ററോളം നടന്നാലെ വാഹന സൗകര്യം ലഭ്യമാവുന്ന സ്ഥലത്ത് എത്താൻ കഴിയു എന്നതാണ് നിലവിലെ സ്ഥിതി. തലയ്ക്ക് പരിക്കേറ്റ് അനക്കമില്ലാത്ത അവസ്ഥയിലായ ആലീസിനെ രക്ഷപ്രവർത്തകർ മാറിമാറി താങ്ങിപ്പിടിച്ചാണ് വാഹനത്തിൽ എത്തിച്ചത്. വീട്ടിൽ ഈ സമയം ദമ്പതികൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
മഴ പെയ്തിരുന്നതിനാൽ വഴുക്കലുള്ള കോൺക്രീറ്റ് റോഡിയുടെയുള്ള ആലിസിനെയും കൊണ്ടുള്ള യാത്ര ഏറെ ദുഷ്്കരമായിരുന്നെന്നും ജീവൻ രക്ഷിക്കാൻ കഴിയാവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തിലാണ് അപകടംമുന്നിൽക്കണ്ടും എല്ലാവരും ഇറങ്ങിപ്പുറപ്പെട്ടതെന്നും അയൽവാസി അശ്വിൻ പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഇവിടുത്തെ വീട്ടുകാരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് താമസം മാറി. മഴ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് താമസക്കാർ ഇവിടെ വിട്ടത്. ജോയിയുടെ അടക്കം കുന്നിന്മുകളിൽ മൂന്നുവീടുകളാണുള്ളത്.
വിവരം അറിഞ്ഞ് ഇന്ന് രാവിലെ മൂന്നാറിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇവിടുത്തെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച എ രാജ എം എൽ എ നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.