ലഖ്നൗ: യുപിയിലെ ലഖിംപൂർ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം പാഞ്ഞുകയറി കർഷകരുൾപ്പെടെ മരിച്ച സംഭവത്തിൽ ഏകാംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചു. അലഹാബാദ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മീഷൻ. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് യുപി സർക്കാർ നിർദേശിച്ചിട്ടുള്ളത്.

അന്വേഷണ കാലയളവിൽ മറ്റൊരു സർക്കാർ പദവികളും വഹിക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ലഖിംപൂർ ഖേരിയായിരിക്കും കമ്മീഷന്റെ ഹെഡ് ക്വാർട്ടേഴ്സ്. ഒക്ടോബർ മൂന്നിന് ലഖിംപൂരിൽ കർഷകരുടെ മരണത്തിനിടയാക്കിയ എല്ലാ സംഭവങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ലഖിംപൂർ സംഭവത്തിൽ നീതി നടപ്പാകണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ നീതി അവകാശമാണ്. നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടം ഇനിയും തുടരും. ലഖിംപൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയെല്ലാം സന്ദർശിച്ചു.

എല്ലാവരും നീതി കിട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. ലഖിംപൂരിൽ ഈ അക്രമ സംഭവങ്ങൾ നടക്കുമ്പോൾ പൊലീസ് എവിടെയായിരുന്നു എന്നും പ്രിയങ്ക ചോദിച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനായി ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് കുമാർ മിശ്ര തേനി രാജിവെക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

എന്നാൽ, അമിത് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കുമ്പോഴാണ് ബിജെപിയുടെ ഈ നിലപാട്. ആഭ്യന്തരമന്ത്രാലയത്തിലെ ചുമതലകൾ തുടരാൻ അജയ് മിശ്രയ്ക്ക് അനുമതി നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് മിശ്രയ്ക്ക് അനുമതി നൽകിയത്. ജയിൽ അധികൃതരുടെ യോഗത്തിൽ മിശ്ര ഇന്ന് സംസാരിക്കും. ശനിയാഴ്ച മിശ്ര വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കും. മകൻ ലഖിംപുർഖേരിയിലെ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നതിന് തെളിവുണ്ടെന്ന നിലപാടിലാണ് മിശ്ര.

കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബിജെപി നേതൃത്വത്തിനും മുന്നറിയിപ്പുമായി പാർട്ടി എംപി വരുൺ ഗാന്ധിയും രംഗത്തുണ്ട്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് വരുൺ ഗാന്ധി വ്യക്തമാക്കി. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കർഷകർക്ക് നേരെ അതിവേഗതയിൽ എത്തിയ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ പുതിയ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെ മുന്നറിയിപ്പ്. സംഭവത്തിൽ ബിജെപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രതിക്കൂട്ടിൽ നിൽക്കെ ഇത് രണ്ടാം തവണയാണ് വരുൺ ഗാന്ധി ഇത്തരത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്.

'വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങൾ ഓരോ കർഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കർഷകരുടെ ചോര വീഴ്ചത്തിയവർ ഉത്തരവാദിത്തം ഏൽക്കണം നീതി ലഭ്യമാക്കണം' വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഉത്തരവാദികളായ ആളുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ വരുൺ രംഗത്തെത്തിയിരുന്നു. കർഷകരുടെ ഇടയിലേക്ക് മനഃപൂർവ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യം ആരേയും നടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലഖിംപുർ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുൺ ഗാന്ധി.

കർഷകർ വാഹനത്തിലുള്ളവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതോടെ നിയന്ത്രണം വിട്ടതാണെന്നുമുള്ള കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ അവകാശവാദം പൊള്ളയാണെന്ന് തുറന്ന് കാട്ടുന്നതാണ് പുറത്തുവന്ന പുതിയ വീഡിയോ. സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്ന കർഷക പ്രതിഷേധത്തിലേക്ക് അതിവേഗതയിലെത്തിയ കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്.