- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പുറത്തിറക്കിയ കൊക്കോണിക്സിൽ നിന്നുള്ള ലാപ് ടോപ്പുകൾ മന്ത്രിമാർക്ക് പോലും വേണ്ട; മന്ത്രിസഭാ യോഗത്തിനായി വാങ്ങുന്നത് വിലകൂടിയ ലാപ് ടോപ്പുകൾ; 21 പുതിയ ലാപ്ടോപ്പുകൾക്കായി അനുവദിച്ചത് 14.42 ലക്ഷം രൂപ; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് വിമർശനം
തിരുവനന്തപുരം: കോവിഡ് കാലത്തും ധൂർത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ ഒരു കുറവും വരുത്തുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗം ചേരാനായി പുതിയ ലാപ്പ് ടോപ്പുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ച നടപടിയും വിമർശനങ്ങൾക്ക് ഇടയാക്കുന്നു. സർക്കാറിന് കൂടി ഓഹരിപങ്കാളിത്തമുള്ള കൊക്കോണിക്സിൽ നിന്നു വിലക്കുറവുള്ള ലാപ്ടോപ്പുകൾ വാങ്ങാമെന്നിരിക്കെ ഓൺലൈൻ മന്ത്രിസഭാ യോഗത്തിന് 68,687 വിലയുള്ള ലാപ്ടോപ് വാങ്ങുന്നത് ധൂർത്തെന്നാണ് ആക്ഷേപം.
നിലവിൽ മന്ത്രിമാർക്ക് ഡെസ്ക്ടോപ് കംപ്യൂട്ടർ, ലാപ്ടോപ്, ഐപാഡ്, സ്മാർട്ഫോൺ എന്നിവയുൾപ്പെടെ ഉണ്ടായിട്ടും ചില മന്ത്രിമാർക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടിയാണു ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്ടോപ്പുകൾക്ക് 14.42 ലക്ഷം രൂപ അനുവദിച്ചത്.
കൊക്കോണിക്സിന്റെ ഐ3 പ്രോസസർ ലാപ്ടോപ് സർക്കാരിന്റെ ഏകീകൃത വാങ്ങൽ പോർട്ടലായ സിപിആർസിഎസിൽ ഉണ്ടായിരുന്നെങ്കിലും കോക്കോണിക്സുമായി ആശയവിനിമയം നടത്തിയില്ല. 18,000 രൂപ വിലയുള്ള ഡ്യുവൽകോർ പ്രോസസറുള്ള കംപ്യൂട്ടറിൽ പോലും വിഡിയോ കോൺഫറൻസിങ് ഒന്നാന്തരമായി സാധ്യമാകുമെന്നിരിക്കെയാണ് എട്ടാം ജനറേഷൻ ഇന്റൽ ഐ5 പ്രോസസറുള്ള ലാപ്ടോപ് വാങ്ങാൻ അനുമതി .
നിലവിലുള്ള കംപ്യൂട്ടറുകൾക്കു പുറമേ അതതു വകുപ്പുകൾ നൽകിയ ലാപ്ടോപ്പുകളും പല മന്ത്രിമാർക്കുമുണ്ട്. ചില മന്ത്രിമാർക്ക് മാത്രം സാങ്കേതിക തടസ്സമുള്ളപ്പോൾ എന്തിനാണ് എല്ലാവർക്കും പുതിയ ലാപ്ടോപ് നൽകുന്നതെന്ന ചോദ്യത്തിനും മറുപടിയില്ല.