ഡൽഹി: അക്ഷയ് കുമാർ നായകനായെത്തുന്ന ബെൽബോട്ടം സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വൈറലാവുന്നത് ലാറ ദത്തയാണ്. ഇന്ദിര ഗാന്ധിയായി അമ്പരപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയത്. ഇപ്പോൾ ഇന്ദിരാ ഗാന്ധിയുമായി തന്റെ കുടുംബത്തിനുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അച്ഛനായിരുന്നു മുൻ പ്രധാനമന്ത്രിയുടെ പേഴ്സണൽ പൈലറ്റ് എന്നാണ് ലാറ പറയുന്നത്.

ലോറയുടെ അച്ഛൻ വിങ് കമാന്റർ എൽകെ ദത്തയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പൈലറ്റ്. അച്ഛൻ അവരെക്കുറിച്ച് പറയുന്ന കഥകൾ കേട്ടാണ് താൻ വളർന്നത് എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ. ഇന്ദിരാ ഗാന്ധിയുമായി നിരവധി തവണ അച്ഛൻ പറന്നിട്ടുണ്ട്. വ്യക്തി ബന്ധവും സൂക്ഷിച്ചിരുന്നു. അവരെക്കുറിച്ചുള്ള കഥകൾ കേട്ടുകൊണ്ടാണ് ഞാൻ വളരുന്നത്. അതിനാൽ ഇന്ദിരാഗാന്ധിയുമായി നേരിട്ടല്ലാത്തൊരു വ്യക്തി ബന്ധം എനിക്ക് അനുഭവപ്പെട്ടിരുന്നു- ലാറ ദത്ത പറഞ്ഞു.

 

തന്റെ മേക്കാവർ കണ്ട് ഭർത്താവ് മഹേഷ് ഭൂപതിയും മകൾ സൈറയും അമ്പരന്നുപോയെന്നും താരം കൂട്ടിച്ചേർത്തു. കോവിഡ് ലോക്ക്ഡൗണിന് തുടർന്ന് താരത്തിന്റെ വീട്ടിൽ വച്ചായിരുന്നു ലുക്ക് ടെസ്റ്റ് നടത്തിയത്. അങ്ങനെയാണ് കുടുംബം ഇന്ദിര ഗാന്ധിയായുള്ള വേഷപ്പകർച്ചയ്ക്ക് സാക്ഷിയാകുന്നത്.