- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ മെഡൽ നിർമ്മിച്ച് വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ; 450ലധികം വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത മെഡലിന് 450 കിലോ ഭാരവും 5.93 ചതുരശ്ര മീറ്റർ വിസ്തൃതിയും; മെഡൽ ഗിന്നസ് വേൾഡ് റെക്കോഡിൽ
അബൂദബി: ലോകത്തിലെ ഏറ്റവും വലിയ മെഡൽ നിർമ്മിച്ച് വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കി. 450ലധികം വിദ്യാർത്ഥികൾ സ്റ്റീലിൽ രൂപകൽപന ചെയ്ത മെഡലിന് ഏകദേശം 450 കിലോ ഭാരവും 5.93 ചതുരശ്ര മീറ്റർ വിസ്തൃതിയുമാണുള്ളത്.
ഈ വർഷം ആദ്യത്തിൽ അബൂദബിയിൽ സ്ഥാപിച്ച 68.5 കിലോഗ്രാം ഭാരവും 2.56 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള മുൻ റെക്കോഡിനെ മറികടന്നാണ് ശനിയാഴ്ച ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പുതിയ മെഡൽ ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനിയാഴ്ച രാവിലെ സ്‌കൂളിലെ പ്രധാന ലോബിയിൽ പ്രദർശിപ്പിച്ചാണ് മെഡൽ ഗിന്നസ് അധികൃതർ അളന്നത്. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ബെനോ കുര്യന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, ജീവനക്കാർ, സ്‌കൂൾ മാനേജിങ് ഡയറക്ടർ മുനീർ അൻസാരി എന്നിവർ പരിപാടിയിൽ പങ്കാളികളായി.
ഒബൈദ് അൽ കെത്ബി നേടിയ ഗിന്നസ് റെക്കോഡിനെ പുതിയ മെഡൽ മറികടന്നതായി ഗിന്നസ് പ്രതിനിധി കാൻസി എൽ. ഡിഫ്രാവി പ്രഖ്യാപിച്ചു. നീണ്ട ഹർഷാരവത്തോടെയാണ് സ്‌കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും പ്രയത്നത്തിനു ലഭിച്ച അംഗീകാര പ്രഖ്യാപനത്തെ സ്വീകരിച്ചത്.
യുഎഇയുടെ സുവർണജൂബിലി വർഷത്തിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിന്റെ അഞ്ചാം വാർഷികമാണ്. യുഎഇയുടെ മികച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന മെഡൽ സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ബെനോ കുര്യൻ ചൂണ്ടിക്കാട്ടി.
യുഎഇയുടെ ദേശീയ പതാക, ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, അഡ്‌നോക് ആസ്ഥാന മന്ദിരം, ബുർജ് ഖലീഫ എന്നീ ലാൻഡ് മാർക്കുകളും മെഡലിന്റെ ഭാഗമായി. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഏറ്റവും വലിയ മെഡൽ നിർമ്മിക്കാൻ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡൽ രൂപകൽപനക്ക് കഴിഞ്ഞതിൽ വളരെ അഭിമാനിക്കുന്നതായി സ്‌കൂൾ ഹെഡ് ബോയ് ഹിഷാം മുഹമ്മദ് ഗുലാമും ഹെഡ് ഗേൾ ഇഷ മിശ്രയും പറഞ്ഞു.
ന്യൂസ് ഡെസ്ക്