കൊല്ലം: തമിഴ്‌നാട്ടിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ഇളയദളപതി വിജയ്‌യ്ക്ക് നല്ല കട്ട ആരാധകർ ഉണ്ടെന്നതിന് മറിച്ചൊന്ന് ചിന്തിക്കേണ്ട കാര്യമില്ല.  അതിന്റെ ഏറ്റവും പുതിയ തെളിവാണ് കൊല്ലത്തെ പീരങ്കി മൈതാനത്ത് ഉയർന്നിരിക്കുന്ന 180 അടി ഉയരമുള്ള പടുകൂറ്റൻ കട്ട് ഔട്ട്. ഒരു പക്ഷേ ഇന്ന് മലയാളത്തിലെ യുവനടന്മാർക്കുള്ള ആരാധകരെക്കാലും രണ്ടിരട്ടിയാണ് വിജയ്‌യുടെ കേരളത്തിലെ ആരാധകർ.

സിനിമകൾ കഴിയും തോറും ആരാധകർ കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന പ്രത്യേകതകൂടി ഈ നടനുണ്ട്. ഏറ്റവും പുതിയ വിജയ് ചിത്രമായ സർക്കാറിനെ വരവേൽക്കാനൊരുങ്ങുകയാണ് കൊല്ലം ജില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൊല്ലം നൻപൻസ് എന്ന ഫാൻസ് അസോസിയേഷൻ.

ഈ കട്ട് ഔട്ടിന് രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. മുപ്പതോളം പേരുടെ പരിശ്രമത്തിനൊടുവിലാണ് ഈ കട്ട് ഔട്ട് ഉയർന്നിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് പണി പൂർത്തിയാക്കി. കട്ട് ഔട്ടിന്റെ തൊണ്ണൂറ് ശതമാനം ജോലികളും പൂർത്തിയാക്കിയത് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ തന്നെയായിരുന്നു.

കൊല്ലം നഗരത്തിൽ മാത്രം എണ്ണായിരത്തോളം അംഗങ്ങളാണ് ഈ ഫാൻസ് അസോസിയേഷനിലുള്ളത്. എട്ട് മാസം കൊണ്ടാണ് ഈ കട്ട് ഔട്ട് നിർമ്മാണത്തിനുള്ള തുക ഇവർ സമാഹരിച്ചത്. എം ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സർക്കാർ നവംബർ 6 ദീപാവലിക്കാണ്് റിലീസ് ചെയ്യുക. കേരളത്തിൽ ചരിത്രത്തിലാദ്യമായി 4 ലേഡീസ് ഫാൻസ് ഷോകളും കേരളത്തിൽ ഒരുക്കിയിട്ടുണ്ട്.

ഈ കട്ട് ഔട്ട് ഒരുക്കിയതിന് തൊട്ടുപിന്നാലെ മറ്റൊരു സന്തോഷം കൂടി തങ്ങളെ തേടിയെത്തിയെന്ന് കൊല്ലം നൻപൻസ് സെക്രട്ടറി മുരളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ''വാർത്ത കണ്ടതിന് ശേഷം വിജയ് സാറിന്റെ പിആർഒ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഫോട്ടോകൾ അയച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.'' കൂറ്റൻ കട്ട് ഔട്ട് നിർമ്മിക്കുക മാത്രമല്ല ഈ ആരാധകർ ചെയ്തിരിക്കുന്നത്. അസോസിയേഷൻ അംഗങ്ങളിലൊരാൾക്ക് വീട് നിർമ്മിക്കാനായി സാമ്പത്തിക സഹായവും നൽകിയിരുന്നു.