ജക്കാർത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട രണ്ട് പുരുഷന്മാർക്ക് 100 തവണ ചാട്ടവാറടിയും അഞ്ചുവർഷം തടവുശിക്ഷയും വിധിച്ച് ഇന്തോനേഷ്യൻ കോടതി. അഞ്ചുതവണ ചാട്ടയടിയേറ്റ് പുളഞ്ഞപ്പോഴേക്കും ഇതിലൊരാൾ കരഞ്ഞപേക്ഷിച്ചെങ്കിലും ഡോക്ടർമാർ ഇയാളെ പരിശോധിച്ച് 95 അടികൂടി നൽകാവുന്നതാണെന്ന് വിധിയെഴുതി. മറ്റേയാൾ നിശബ്ദം നിന്ന് 100 ചാട്ടയടിയും കൊണ്ടു. ചാട്ടയടിയേറ്റ് പൊട്ടിയൊലിച്ച ഇരുവരുടെയും ശരീരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്തോനേഷ്യയിൽ വൈറലാകുന്നത്.

ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലാണ് സംഭവം. ഇതിലൊരാൾ തന്റെ വളർത്തുമകളെയാണ് പീഡിപ്പിച്ചത്. മറ്റേയാൾ തന്റെ അയൽക്കാരിയായ പെൺകുട്ടിയെയും. ഇരുവരും യാതൊരു ദയാദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് അച്ചേയിലെ ശരിയത്ത് കോടതി വിധിച്ചു. ഇന്തോനേഷ്യയിലെ വിവാഹപ്രായം 18 വയസ്സാണ്. 16 തികഞ്ഞാൽ രക്ഷിതാക്കളുടെ അനുമതിയോടെ വിവാഹം ചൈയ്യാനാകും. ശരിയത്ത് നിയമങ്ങൾ അതേപടി പിന്തുടരുന്ന പ്രവിശ്യയാണ് അച്ചേ. ചൂതാട്ടം, മദ്യപാനം, സ്വവർഗരതി, വിവാഹേതര ബന്ധം എന്നിവയ്‌ക്കെല്ലാം കടുത്ത ശിക്ഷയാണ് ഇവിടെയുള്ളത്. ഇസ്ലാമിക് നിയമം പിന്തുടരുന്ന ഇന്തോനേഷ്യയിലെ ഏക പ്രവിശ്യയും അച്ചേയാണ്.

കടുത്ത കുറ്റങ്ങൾക്കാണ് 100 ചാട്ടയടി വിധിക്കാറുള്ളത്. ചൂതാട്ടവും മദ്യപാനവും പോലുള്ള കുറ്റങ്ങൾക്ക് ഏഴുമുതൽ പതിനൊന്ന് അടിവരെയാണ് ശിക്ഷ. അത് ഇടയ്ക്കിടെ അച്ചേയിൽ നടപ്പാക്കാറുമുണ്ട്. എന്നാൽ, നൂറടി ശിക്ഷ വളരെ അപൂർവമായാണ് വിധിക്കാറ്. ബുധനാഴ്ച ശിക്ഷാവിധി നടപ്പാക്കിക്കൊണ്ടിരിക്കെയാണ് ശിക്ഷിക്കപ്പെട്ടയാൾ കരഞ്ഞ് കൈകൂപ്പി അടി നിർത്തണമെന്ന് അപേക്ഷിച്ചത്. അപ്പോൾത്തന്നെ ഡോക്ടർമാരെത്തി ഇയാളെ പരിശോധിക്കുകയായിരുന്നു. കുഴപ്പമില്ലെന്ന് അവർ വിധിച്ചതോടെ, 95 അടികൂടി ഇയാൾക്ക് ഏൽക്കേണ്ടിവന്നു.

എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിൽ ചാട്ടയടി മാറ്റിവെക്കുമായിരുന്നുവെന്ന് അഭിഭാഷകനായ ഇസ്‌നാവതി പറഞ്ഞു. ഇത്തരം ശിക്ഷാവിധികൾ പരസ്യമായാണ് നടപ്പാക്കാറ്. പലപ്പോഴും കുട്ടികളടക്കം നൂറുകണക്കിനാളുകൾ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തും. ബുധനാഴ്ചത്തെ ചാട്ടയടി കാണാൻ ചുരുക്കം പേരേ ഉണ്ടായിരുന്നുള്ളൂ. പരസ്യമായ ചാട്ടയടി പ്രാകൃതമായ ശിക്ഷാരീതിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ വാദിക്കുന്നുണ്ടെങ്കിലും അച്ചേയിൽ അത് മുടങ്ങാതെ നടക്കുന്നു.