- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീ പടർത്തുന്ന ആ യോർക്കറുകൾ ഇനിയില്ല; ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ; ശ്രീലങ്കൻ പേസ് ഇതിഹാസം വിരാമമിടുന്നത് 16 വർഷം നീണ്ട രാജ്യാന്തര കരിയറിന്; സഹതാരങ്ങൾക്കും ക്ലബ്ബുകൾക്കും നന്ദി പറഞ്ഞ് താരം
കൊളംബോ: ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ച, വേഗതയുടെ പിച്ചിൽ തീ പടർത്തിയ ആ യോർക്കറുകൾ ഇനിയില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ശ്രീലങ്കൻ പേസ് ഇതിഹാസം ലസിത് മലിംഗ പടിയിറങ്ങുകയാണ്.
ടെസ്റ്റിനും ഏകദിനങ്ങൾക്കും പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്നും ലസിത് മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചു. 16 വർഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 38കാരനായ മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് മലിംഗ പ്രഖ്യാപിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും 2011ലും ഏകദിന ക്രിക്കറ്റിൽ നിന്ന് 2019ലും വിരമിക്കൽ പ്രഖ്യാപിച്ച മലിംഗ ശ്രീലങ്കക്കായി മൂന്ന് ഫോർമാറ്റിലുമായി 546 വിക്കറ്റുകൾ വീഴ്‌ത്തി. ഏകദിനങ്ങളിൽ നിന്ന് വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകളിൽ മലിംഗ സജീവമായിരുന്നു.
2020 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് മലിംഗ അവസാനമായി ട്വന്റി 20 കളിച്ചത്. 2014 ലെ ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചത് മലിംഗയായിരുന്നു. വ്യത്യസ്തമായ ബൗളിങ് ആക്ഷനാൽ ശ്രദ്ധിക്കപ്പെട്ട മലിംഗ യോർക്കറുകളുടെ രാജാവ് എന്നും വിശേഷിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് തവണ ഹാട്രിക് സ്വന്തമാക്കിയിട്ടുള്ള താരമാണ് മലിംഗ. തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റ് എന്ന അപൂർവ്വ നേട്ടം രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ മലിംഗയാണ് വിക്കറ്റ് വേട്ടക്കാരിൽ മുൻപിൽ. ടി-20യിലും മലിംഗയുടെ പേരിലാണ് ഏറ്റവും കൂടുതൽ വിക്കറ്റ്.
'ഇന്ന് എനിക്ക് വിശേഷപ്പെട്ട ദിവസമാണ്. കാരണം എന്നെ കരിയറിലുടനീളം പിന്തുണക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. ടി20 കരിയറിൽ നിന്നും ഞാനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനും മുംബൈ ഇന്ത്യൻസിനും ടീം ഉടമകൾക്കും സഹതാരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. അതുപോലെ മെൽബൺ സ്റ്റാർസിനും കെന്റ് ക്രിക്കറ്റ് ക്ലബ്ബിനും രംഗപുർ റൈഡേഴ്‌സിനും ഗയാന വാരിയേഴ്‌സിനും മറാത്ത അറേബ്യൻസ്, മോണ്ട്രിയാൽ ടൈഗേഴ്‌സ് ടീമുകൾക്കും ഞാൻ പ്രത്യേകം നന്ദി പറയുന്നു
നിങ്ങളോടൊപ്പം കളിച്ച കാലത്ത് ഒരുപാട് അനുഭവങ്ങൾ സ്വന്തമാക്കാനായി. വരുംകാലത്ത് അത് പുതിയ തലമുറയുമായി പങ്കുവെക്കാനാണ് ഞാനാഗ്രഹിക്കുന്നത്. യുട്യൂബിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ മലിംഗ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്