തിരുവനന്തപുരം: ഇന്ന് ഫേസ്‌ബുക്ക് ലൈവിന്റെ കാലമാണ്, രാഷ്ട്രീയക്കാരും സിനിമാക്കാരും എന്തിനേറെ പറയുന്നു സാധാരണക്കാരനും ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യാൻ മത്സരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അങ്ങനെയുള്ള മത്സരങ്ങളിൽ തീർത്തും വ്യത്യസ്തമാവുകയാണ് യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറിയായ ലസിതാ പാലയ്ക്കലിന്റെ ഫേസ്‌ബുക്ക് ലൈവ് രംഗപ്രവേശം.

പലതരം ഫേസ്‌ബുക്ക് ലൈവ് വീഡിയോകൾ കണ്ട മലയാളികൾക്ക് മുൻപിൽ ഞെട്ടിക്കുന്ന മാതൃകയാണ്  ലസിതാ പാലയ്ക്കൽ അവതരിപ്പിക്കുന്നത്. തന്നെ ഓൺലൈനിൽ വേട്ടയാടുന്ന സിപിഐഎം പ്രവർത്തകർക്കെതിരെ ലസിത ഒരുക്കിയ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായിക്കഴിഞ്ഞു.  അറുപതിനായിരത്തിനടുത്ത് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

തന്നെ പലരും വേട്ടയാടുകയാണെന്നാണ് ലസിത പറയുന്നത്. പക്ഷെ അതിനെ ധീരമായി നേരിടാനും ലസിത തയ്യാർ തന്നെ. ആർഎസ്എസിൽ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സുധീഷ് മിന്നി, പി ജയരാജന്റെ മകൻ ജെയിൻ രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവർത്തകർ ഏത് രീതിയിലാണ് തനിക്കെതിരെ പോസ്റ്റിടുന്നതെന്ന് ഫേസ്‌ബുക്കിലുള്ളവർക്കും അറിയാമെന്നും ലസിത പറയുന്നു. സുധീഷ് മിന്നിയുടെ പോസ്റ്റിൽ താൻ മാന്യമായ ഭാഷ ഉപയോഗിച്ചത്, സുധീഷിന്റെ അച്ഛനും അമ്മയും സഹോദരനും ഇപ്പോളും സംഘപ്രവർത്തകരായതിനാലാണെന്നും ലസിത പറയുന്നു. വീഡിയോയിൽ സുധീഷ് മിന്നി തറയാണെന്നും കൂതറയാണെന്നും ലസിത ആരോപിക്കുന്നു. അയാളോട് അതിലും വലിയ ഭാഷ ഉപയോഗിക്കാൻ അറിയുമെന്നുമുണ്ട് ലസിതയുടെ ഭീഷണി.

പല തരത്തിൽ പോസ്റ്റുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് അവരുടെ വിവരക്കേടുകൊണ്ടാകാമെന്നും ലസിത പറയുന്നു. താനായിട്ട് ഉയർന്നതല്ല, അവരായി തന്നെ ഉയർത്തിയതാണ്. തന്നെ ഝാൻസീ റാണിയെന്ന് വിളിക്കുന്നത് തുടർന്നോട്ടെയെന്നും അങ്ങനെ വിളിക്കുന്നത് തനിക്കും ഒരു സുഖമാണെന്നും ലസിതാ പാറയ്ക്കൽ പറയുന്നു. സിബിഐയെന്ന് കേൾക്കുമ്പോൾ മുട്ടുവിറയ്ക്കുന്ന അച്ഛന്റെ മകനാണ് ജെയിൻ രാജെന്നും ലസിത ആരോപിക്കുന്നു.

ഇത്തരം മാക്രികൾ കുരച്ചതുകൊണ്ടൊന്നും ആർഎസ്എസ് ഇല്ലാതായിപോകില്ലെന്നും ലസിതയ്ക്ക് ഉറപ്പ് തന്നെ. ആർഎസ്എസ് എന്ന പ്രസ്ഥാനം സത്യമാണ്. കമ്യൂണിസ്റ്റുകാർ കളിക്കുന്നത് പിണറായി വിജനെ കണ്ടിട്ടാണോ എന്നും ലസിത ചോദിക്കുന്നു. പിണറായി വിജയനാരാ എന്നും ലസിത ചോദിക്കുന്നു. റഡി വൺ ടു ത്രി എന്ന് പറയുന്ന മണിയെ കണ്ടാണോ ചിറ്റപ്പനെ കണ്ടാണോ ഇവർ കളിക്കുന്നതെന്നും ലസിത ചോദിക്കുന്നു. ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതൊന്നും ലസിത അറിഞ്ഞില്ലെന്നാണ് തോന്നുന്നത്. ഇത്തരം ബെസ്റ്റ് കോമഡികൾ കാണുമ്പോളാണ് താൻ പ്രതികരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പണി കിട്ടുന്നുണ്ടെന്നും അത് തനിക്കിഷ്ടമാണെന്നും ലസിത പറയുന്നു. സഖാക്കന്മാരെ വില്ലുവിളിച്ച് ഇനിയും തനിക്കെതിരെ പോസ്റ്റിടാനും ലസിത പറയുന്നു. താൻ മരിക്കും വരെ സംഘപ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുമെന്നും ലസിത പറയുന്നു.

കഴിഞ്ഞദിവസങ്ങളിൽ ലസിതയുടെ വിവിധ പോസ്റ്റുകളുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് ഫേസ്‌ബുക്കിൽ നടന്നത്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകൻ ജെയിൻ രാജും ആർഎസ്എസ് വിട്ട് സിപിഐഎമ്മിലെത്തിയ സുധീഷ്മിന്നിയും ലസിതയും തമ്മിൽ നേരിട്ട് ആക്രമണം നടന്നിരുന്നു. ലസിത പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ചുരിദാറിട്ട് നിന്ന് എടുത്ത ചിത്രം പോലും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.