ലണ്ടൻ: കോവിഡിനെ ഒരുവിധം നിയന്ത്രിച്ചു എന്ന് ആശ്വസിക്കുമ്പോൾ ബ്രിട്ടന് തലവേദനയായി ലാസ പനി എത്തുമോ എന്ന ആശങ്കയാണിപ്പോൾ. ഇന്നലെ ഇംഗ്ലണ്ടിലെ ആദ്യത്തെ ലാസാ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ആശങ്ക ഏറിയത്. ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ്ഷയറിലാണ് ബ്രിട്ടനിലെ ആദ്യ ലാസ മരണം നടന്നതെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി സ്ഥിരീകരിച്ചു.

അടുത്തിടെ വെസ്റ്റ് ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ മൂന്നുപേരടങ്ങുന്ന കുടുംബത്തിലേതാണ് ഇനിയും പേര് വെളിപ്പെടുത്താത്ത ഈ വ്യക്തി. ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഇവരിൽ മൂന്നു പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 2009-ൽ ആയിരുന്നു എലികളിലൂടെ പകരുന്ന ലാസാ പനി ആദ്യമായി ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ഇതുവരെ 11 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ മൂന്നെണ്ണം കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നായിരുന്നു.

ഒരു മഹാമാരിയായി വളരാൻ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ രോഗം പിടിപെട്ടവരിൽ 80 ശതമാനം പേരിലും ഒരു ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഇതുമൂലമുള്ള മരണനിരക്ക് 1% മാത്രമാണ്. ഏതായാലും ലാസ ബാധിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ എല്ലാം വിവരങ്ങൾ ശേഖരിക്കുകയാണ് യു കെ ഹെൽത്ത് സെക്യുരിറ്റ് ഏജൻസി ഇപ്പോൾ. അതേസമയം ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തവർക്ക് ഏറെ ഭയപ്പെടാനില്ലെന്നും ഏജൻസി അറിയിച്ചു.

നൈജീരിയയിലും അതുപോലെ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലുള്ള ലൈബേരിയ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്ന ഒരുതരം പകർച്ചവ്യാധിയാണ് ലാസാ പനി.എലികളുടെ മലമൂത്രങ്ങൾ കൊണ്ട് മലിനപ്പെട്ട ഭക്ഷ്യവസ്തുക്കളിലൂടെയാണ് ഈ രോഗകാരിയായ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. കണ്ണിലൂടെയും മൂക്കിലൂടെയും സ്ത്രീകളുടേ കാര്യത്തിൽ യോനിയിലൂടെയും രക്തമൊലിപ്പ് ഉണ്ടാക്കുന്ന ഈ വൈറസിന് ഇത്തരത്തിലുള്ള ശരീര സ്രവങ്ങളിലൂടേയും മറ്റൊരു മനുഷ്യന്റെ ശരീരത്തിലേക്ക് പ്രവേശിക്കാൻ കഴിയും.

ബ്രിട്ടനിൽ ഇതാദ്യമായാണ് ലാസാ പനി ബാധിച്ച് ഒരു മരണം സംഭവിക്കുന്നത്. നിലവിൽ ഈ കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കല്ലാതെ പുറത്താരിലേക്കും ഇത് പടർന്നിട്ടില്ല എന്നാണ് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി പറയുന്നത്. മറ്റു രണ്ടുപേരിലൊരാളെ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.മറ്റെയാൾ രോഗത്തിൽ നിന്നും പൂർണ്ണ സുഖം പ്രാപിച്ചതായും ആരോഗ്യ വകുപ്പ അറിയിച്ചു. രോഗം ബാധിച്ചവരി 80 ശതമാനത്തോളം പേരിലും ലക്ഷണങ്ങൾ ഉണ്ടാകില്ല എന്നതിനാൽ, നേരത്തേ രോഗമറിഞ്ഞുള്ള ചികിത്സ ഇതിന്റെ കാര്യത്തിൽ വളരെ വൈഷമ്യമേറിയ ഒരു കാര്യമാണ്.

തലവേദന, തൊണ്ടവേദന, ഛർദ്ദി തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവരിൽ ചിലർക്ക് താത്ക്കാലികമായ ബധിരതയും അനുഭവപ്പെടാം. ചികിത്സ വൈകുന്തോറും രോഗം മറ്റ് ഗുരുതരാവസ്ഥകളിലേക്ക് നീങ്ങും. സാധാരണയായി ആന്റിവൈറൽ മരുന്നുകൾ, ഓക്സിജൻ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് ലാസാ പനിക്കും ചികിത്സിക്കുന്നത്. എബോള, ഡെങ്ക്യൂ എന്നിവയ്ക്കൊപ്പം ലോകം മുഴുവൻ പടർന്ന് പിടിക്കാൻ സാധ്യതയുള്ള രോഗങ്ങളുടെ കൂട്ടത്തിലാണ് ലോകാരോഗ്യ സംഘടന ലാസാ പനിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.