ലാസ് വേഗസ്: ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. മാൻഡലെ ബേ കാസിനോ ചൂതാട്ട കേന്ദ്രത്തിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും 26ക്ക് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതേസമയം ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

കാസിനോയുടെ 32ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

റൂട്ട് 91 ഹാർവെസ്റ്റ് സംഗീത നിശയുടെ അവസാന ദിവസത്തെ പരിപാടി നടക്കുന്നതിനിടെ യായിരുന്നു വെടിവയ്പുണ്ടായത്. മൻഡാലയ് ബേ ഹോട്ടലിൽ തുറന്ന വേദിയിൽ തയ്യാറാക്കിയ സ്ഥലത്തായിരുന്നു സംഗീത നിശ നടന്നത്. നിരവധി കലാകാരന്മാർ സ്‌റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ അക്രമി തലങ്ങും വിലങ്ങളും വെടിയുതിർക്കുകയായിരുന്നു.

വെടിശബ്ദം കേട്ടതോടെ കാണികൾ ഭയചകിതരായി നിലവിളിച്ചു കൊണ്ട് സുരക്ഷിതസ്ഥാനം തേടി തലങ്ങും വിലങ്ങും പാഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവർ സഹായത്തിനായി അലറി വിളിക്കുന്നതും കേൾക്കാമായിരുന്നു. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.