മുംബൈ: മലയാളിയുടെ പ്രിയ ഗായികയാണ് ലതാ മങ്കേഷ്‌കർ. 36 ഭാഷകളിൽ 3600ഓളം പാട്ടുകൾ. അതിൽ പലതും മലയാളിക്ക് ഇന്നും പ്രിയങ്കരം. പക്ഷേ ഈ ഗായിക മലയാളത്തിൽ ഒരു പാട്ടേ പാടിയുള്ളൂ. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്. അതിന് അപ്പുറത്തേക്ക് മലയാളവുമായുള്ള ബന്ധം വളർന്നില്ല.

യേശുദാസ് അടക്കമുള്ളവരുമായി വ്യക്തിപരമായ ബന്ധം ലതാ മങ്കേഷ്‌കറിനുണ്ടായിരുന്നു. യേശുദാസും ലതാ മങ്കേഷ്‌കറും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച പോലും ഏറെ ചർച്ചയായിരുന്നു. ആദ്യത്തെ കൂടിക്കാഴ്‌ച്ചക്ക് വഴിയൊരുങ്ങിയത് തികച്ചും ആകസ്മികമായാണ്. രാമു കാര്യാട്ട് ഭഭചെമ്മീൻ'' സിനിമ എടുക്കുന്ന സമയം. സലിൽ ചൗധരി ആണ് സംഗീത സംവിധായകൻ. പടത്തിൽ ഒരു പാട്ട് ലതാ മങ്കേഷ്‌കറെ കൊണ്ട് പാടിക്കണമെന്ന് കാര്യാട്ടിന് മോഹം. ഭഭകടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ'' എന്ന ഗാനം ലതയെ മനസ്സിൽ കണ്ട് വയലാറിനെ കൊണ്ട് എഴുതിവാങ്ങുകയും ചെയ്തു അദ്ദേഹം. സ്ത്രീശബ്ദത്തിൽ അത് ചിത്രീകരിക്കാനായിരുന്നു ഉദ്ദേശ്യം. ആ കഥ രവി മേനോൻ മുമ്പ് വിശദീകരിച്ചിട്ടുമുണ്ട്.

ഇനി ലതാ മങ്കേഷ്‌ക്കറുടെ സമ്മതം കൂടി വേണം. സലിൽ ചൗധരിയും കാര്യാട്ടും ലതയെ കാണാൻ മുംബൈയിലേക്ക് തിരിച്ചപ്പോൾ യേശുദാസിനേയും കൂട്ടി ഒപ്പം. കടലിനക്കരെ എന്ന പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത സ്പൂളും ഉണ്ട് കയ്യിൽ. ലതയെ പാട്ട് കേൾപ്പിച്ചു കൊടുക്കണമല്ലോ. സലിൽ ദാ നിർബന്ധിച്ചാൽ മറുത്തു പറയാനാവില്ല ലതയ്ക്ക്. പക്ഷേ ഒരു പ്രശ്നം. അസുഖബാധിതയാണ് അവർ. മാത്രമല്ല മലയാള ഭാഷ തനിക്ക് വഴങ്ങുമെന്ന വിശ്വാസവുമില്ല. കഴിയുമെങ്കിൽ തന്നെ ഒഴിവാക്കിത്തരണം എന്ന് സലിൽദായോട് അഭ്യർത്ഥിക്കുന്നു വാനമ്പാടി. നിരാശയോടെ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല കാര്യാട്ടിനും സംഘത്തിനും-മാതൃഭൂമിയിൽ മുമ്പ് രവി മേനോൻ അത് കുറിച്ച് ഇങ്ങനെയാണ്.

പക്ഷേ തിരിച്ചുപോകും മുൻപ് യുവഗായകനെ കൊണ്ട് ചില കർണ്ണാടക സംഗീത കൃതികൾ പാടിച്ചു ലത. ഹംസധ്വനിയിൽ യേശുദാസിന്റെ ഭവാതാപി' ആസ്വദിച്ചു കേട്ടു. ഹിന്ദിയിൽ പാടാൻ അവസരം തേടിക്കൂടേ എന്ന് ചോദിച്ചു. വിനയാന്വിതനായി ചിരിച്ചു നിൽക്കുക മാത്രം ചെയ്തു യേശുദാസ്. അതായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് ലതാജിയെ കേൾപ്പിക്കാൻ വേണ്ടി ഞാൻ പാടിവെച്ച പാട്ടാണ് പിന്നീട് ചെമ്മീൻ സിനിമയിൽ ഉപയോഗിച്ചത്.''-- യേശുദാസ് പറയുന്നു.

നിരാശനായി നാട്ടിലേക്ക് തിരിച്ചുപോന്ന രാമു കാര്യാട്ട് വർഷങ്ങൾക്ക് ശേഷം തന്റെ സ്വപ്നം യാഥാർഥ്യമാക്കുക തന്നെ ചെയ്തു. നെല്ല് എന്ന ചിത്രത്തിൽ ഭഭകദളി കൺകദളി'' എന്ന ഗാനം ലതാജിക്ക് നൽകിക്കൊണ്ട്. ആദ്യമായും അവസാനമായും ലത മങ്കേഷ്‌കർ മലയാളത്തിൽ പാടിയ പാട്ട്. കുറച്ചു കാലം മുൻപ് ലതാജിയെ വീണ്ടും മലയാളത്തിൽ പാടിക്കാൻ ജോണി സാഗരിക ശ്രമിച്ചെങ്കിലും വിനയപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു വാനമ്പാടി.

ജയ് ജവാൻ ജയ് കിസാൻ'' എന്ന സിനിമയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച യേശുദാസ് ലതയോടൊപ്പം ശ്രദ്ധേയമായ ഒരു യുഗ്മഗാനത്തിൽ ആദ്യമായി പങ്കാളിയായത് 1978 ലാണ് -- ത്രിശൂലിൽ സാഹിർ ലുധിയാൻവി എഴുതി ഖയ്യാം ഈണമിട്ട 'ടആപ് കി മെഹകി ഹുയി സുൽഫോം കെ കഹ്‌തെ''. പിന്നീട് ഏറെ പാട്ടുകൾ അവർ തമ്മിൽ ഒരുമിച്ച് പാടി. ഹം നഹി ദുഃഖ് സേ ഖബരായേംഗേ. 1979 ൽ പുറത്തുവന്ന ജീനാ യഹാം എന്ന ബസു ചാറ്റർജി ചിത്രത്തിൽ യോഗേഷ് എഴുതി സലിൽ ചൗധരി സംഗീതം പകർന്ന ഗാനം എല്ലാം ശ്രദ്ധിക്കപ്പെട്ടു.

അബ് ചരാഗോം കാ (ബാവ് രി), ദോനോം കേ ദിൽ ഹേ (ബിൻ ബാപ് കാ ബേട്ടാ), ആപ് തോ ഐസേ ന ഥേ (ഗഹ്രി ഛോട്ട്) എന്നിങ്ങനെ വേറെയും നല്ല ഗാനങ്ങൾ പാടിയിട്ടുണ്ട് യേശുദാസും ലതയും. ബസു മനോഹരി ഈണമിട്ട ദോനോം കേ ദിൽ ഹേ എന്ന ഗാനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്: യേശുദാസിനൊപ്പം മാത്രമല്ല ജഗ്ജിത് സിംഗിനൊപ്പവും ഇതേ യുഗ്മഗാനം പാടി ലതാ മങ്കേഷ്‌കർ-പാട്ടെഴുത്തുകാരനായ രവി മേനോൻ മലയാളവുമായുള്ള ലതാ മങ്കേഷ്‌കറിന്റെ ബന്ധം കുറിച്ചത് ഇങ്ങനെയാണ്.

കദളി കൺകദളി ചെങ്കദളി
സംഗീതം
സലിൽ ചൗധരി
വരികൾ
വയലാർ രാമവർമ്മ
ഗായിക
ലതാ മങ്കേഷ്‌ക്കർ
സിനിമ
നെല്ല്

കദളീ കൺകദളി ചെങ്കദളീ പൂവേണോ
കവിളിൽ പൂമദമുള്ളൊരു പെൺപൂ വേണോ പൂക്കാരാ
മുകളിൽ ജിൽജിൽജിൽ ജിങ്കിലമോടെ
മുകില്പൂ വിടർത്തും പൊൻകുടക്കീഴേ
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെത്തെയ്യാരെ താരേ... (കദളീ)

കിളികൾ വള കിലുക്കണ വള്ളിയൂർക്കാവിൽ
കളഭം പൊഴിയും ഇക്കിളിക്കൂട്ടിൽ
ഉറങ്ങും നിത്യമെൻ മോഹം
ഉണർത്തും വന്നൊരു നാണം
തെയ്യാരെത്തെയ്യാരെത്താരേ (കദളീ)

മുളയ്ക്കും കുളിർ മുഖക്കുരു മുത്തുകൾ പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ
നിനക്കീ തൂവലിൻ മഞ്ചം
നിവർത്തീ വീണ്ടുമെൻ നെഞ്ചം
തെയ്യാരെത്തെയ്യാരെ താരേ (കദളീ)

മലയാളത്തിൽ അതുവരെ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരിക്കണം 'ചെമ്മീൻ' എന്നു നിർമ്മാതാവായ കൺമണി ബാബുവിനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൽ സഹകരിക്കേണ്ടത് ഏറ്റവും മിടുക്കരായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം വച്ചു. ആ നിർബന്ധത്തിന്റെ ഭാഗമായാണ് സലിൽ ചൗധരി ആദ്യമായി മലയാളത്തിൽ എത്തിയത്. പണം പ്രശ്‌നമല്ല, ഏറ്റവും നല്ല പാട്ടുകളായിരിക്കണം എന്നായിരുന്നു നിർമ്മാതാവിന്റെ വ്യവസ്ഥ. എങ്കിൽ ഒട്ടും കുറയ്‌ക്കേണ്ട മന്നാഡേയും ലതാ മങ്കേഷ്‌കറും പാടട്ടെ എന്നായി സലിൽ ചൗധരി. ചിത്രത്തിലെ ഏറ്റവും നിർണായക സന്ദർഭത്തിലെ ഗാനമായ 'മാനസ മൈനേ വരൂ... ' മന്നാഡേക്കു നൽകി. അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് ആ ഗാനം പഠിച്ചത്.

കടലിനക്കരെ പോണോരേ... ലതാ മങ്കേഷ്‌കറെക്കൊണ്ടു പാടിക്കണമെന്നാണു വിചാരിക്കുന്നത്. അവർ സലിൽദായ്ക്കു സമ്മതം നൽകിക്കഴിഞ്ഞു.ഇക്കാര്യത്തിൽ ദാസിന്റെ സഹായം വേണം. ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിക്കണം ഇതായിരുന്നു സലിൽ ദാ യേശുദാസിനോട് ആവശ്യപ്പെട്ടത്. യേശുദാസ് അന്തിച്ചിരുന്നുപോയി. താൻ ബാല്യം മുതൽ ആരാധിച്ചിരുന്ന ഗായികയെ പാട്ടു പഠിപ്പിക്കുകയോ? യേശുദാസിന് ഇതു സ്വപ്നസദൃശമായ അനുഭവമായിരുന്നു. അവരെല്ലാം ഒന്നിച്ചു ബോംബെയിൽ പോയി.

പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. അങ്ങനെയാണു 'കടലിനക്കരെ പോണോരേ...' യേശുദാസ് പാടുന്നത്. രപക്ഷേ, ലതയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽദായ്ക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒടുവിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് (1974) എന്ന ചിത്രത്തിൽ സലിലിന്റെ കടുത്ത നിർബന്ധത്തിനു വഴങ്ങി അവർ ഒരു പാട്ടു പാടി. ' കദളീ തെങ്കദളി ...'(രചനവയലാർ).

ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസിപ്പെണ്ണ് പാടുന്ന ഗാനം. തേൻപോലൊരു പാട്ട്. ആയിരംതവണ കേട്ടാലും മടുക്കാത്ത സൗന്ദര്യവും ആലാപന മാധുര്യവും. ഒരു പെണ്ണിന്റെ ഒതുക്കിവച്ച പ്രണയവിചാരങ്ങളുടെ ആവിഷ്‌ക്കാരമെങ്കിലും ഒരേസമയം പ്രണയമായും വാത്സല്യമായും അനുഭവിക്കാവുന്ന ഗാനം. ആലാപനം ആതീവ ഹൃദ്യമെങ്കിലും ഉച്ചാരണവൈകല്യത്തിൽനിന്ന് പാട്ട് വിമുക്തമായില്ല. അതിന്റെ പേരിൽ വിമർശനം ഉയർന്നു. ഇതു മനസ്സിലാക്കിയാവണം പിന്നീടൊരിക്കലും ഒരു മലയാളം പാട്ടു പാടാൻ ലതാ മങ്കേഷ്‌കർ തയാറാവാതിരുന്നത്.