- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്തരിച്ച റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദർശനം ഒഴിവാക്കി; അന്ത്യം, വ്യക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയവെ; കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം ചൊവ്വാഴ്ച
കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ പൊതുദർശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം നാളെ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു റിസബാവയുടെ അന്ത്യം. 55 വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു
നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.
എന്നാൽ റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ഈ ചിത്രത്തിൽ നടൻ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു.
അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. ഡോക്ടർ പശുപതി, ആനവാൽ മോതിരം, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, വധു ഡോക്ടറാണ്, അനിയൻ ബാവ ചേട്ടൻ ബാവ ഊമപെണ്ണിന് ഉരിയാടാ പയ്യൻ, പോക്കിരി രാജ, സിംഹാസനം തുടങ്ങി നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ