കൊച്ചി: ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അധ്യയന ദിവസം വര്‍ധിപ്പിച്ച നടപടിക്കെതിരെ ഹര്‍ജി നല്‍കി രക്ഷിതാവ്. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നടക്കം ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവായ ഡോ. രഞ്ജിത് പി. ഗംഗാധരനാണ് ഹര്‍ജി നല്‍കിയത്.

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്‌കൂള്‍ അധ്യയന ദിവസം 200 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പത്തുവരെയുള്ള കുട്ടികളെ ഒരുപോലെ കാണുന്ന കേരള വിദ്യാഭ്യാസചട്ടം ഭരണഘടന വിരുദ്ധമാണ്. അക്കാദമിക് ദിവസത്തിന്റെ എണ്ണം 220 ആക്കി ഒന്നാംക്ലാസ് മുതല്‍ നടപ്പാക്കിയത് നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അധ്യയന ദിവസം വര്‍ധിപ്പിച്ചതിനെതിരെ വിവിധ അധ്യാപക സംഘടനകള്‍ നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.