ചെറുതോണി: കനത്തമഴയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നു. ഇടുക്കി അണക്കെട്ടില്‍ നാലടിയും മുല്ലപ്പെരിയാറില്‍ രണ്ടടിയും വെള്ളമാണ് ഇ്ന്നലെ കൂടിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

2361 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 30 അടി കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2331 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം 130.25 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. തിങ്കളാഴ്ച 128.15 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയം അണക്കെട്ടില്‍ 123.35 അടിയായിരുന്നു ജലനിരപ്പ്.

അതേസമയം മഴ ശക്തമായതോടെ ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു. ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി, മലങ്കര, പൊന്‍മുടി, ഹെഡ്വര്‍ക്‌സ് ഡാമുകളാണ് തുറന്നത്. ഇരട്ടയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് റെഡ് അലര്‍ട്ടിലാണ്.

അടിമാലി കല്ലാര്‍കുട്ടി അണക്കെട്ടില്‍ കല്ലാര്‍കുട്ടിയുടെ നാല് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പൊന്‍മുടി രണ്ടാം നമ്പര്‍ ഷട്ടര്‍ 20 സെന്റീമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 15.77 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മലങ്കരയുടെ നാല് ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറന്തള്ളുന്നത്.