കാസര്‍കോട്: നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലത്ത സംസ്ഥാനത്തെ 24 നഴ്‌സിങ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. നഴ്‌സിങ് ഫലം കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തടഞ്ഞുവെച്ചു. 1500-ഓളം വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. 2023-24 അധ്യയന വര്‍ഷം തുടങ്ങിയതും സീറ്റ് വര്‍ധന നടപ്പാക്കിയവയുമുള്‍പ്പെടെയുള്ള കോളേജുകളിലെ ഫലമാണ് തടഞ്ഞത് പുതിയ കോളേജുകള്‍ക്കും സീറ്റ് കൂട്ടിയതിനും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ (ഐ.എന്‍.സി.) അംഗീകാരമില്ലാത്തതാണ് നടപടിക്ക് കാരണം.

ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. നഴ്‌സിങ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോഴാണ് ഇത്രയും വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞവിവരമറിയുന്നത്. ഏറെയും സര്‍ക്കാര്‍ കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്. പുതിയ നഴ്‌സിങ് കോളേജിന് ആരോഗ്യശാസ്ത്ര സര്‍വകലാശാല അഫിലിയേഷന്‍ നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരാക്ഷേപപത്രവും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍, കേരള നഴ്‌സിങ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരവും വേണം. നിലവിലുള്ള കോളേജുകളില്‍ സീറ്റ് കൂട്ടുന്നതിനും ഇത് ആവശ്യമാണ്. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഐ.എന്‍.സി.യുടെ അംഗീകാരമില്ലാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ആരോഗ്യശാസ്ത്ര സര്‍വകലാശാല ഈ കോളേജുകള്‍ക്ക് താത്കാലികാനുമതി നല്‍കിയത്. വൈകാതെ ഐ.എന്‍.സി. അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. കോളേജുകള്‍ ഇത് പാലിക്കാത്തതിനെത്തുടര്‍ന്നാണിപ്പോള്‍ ഫലം തടഞ്ഞുവെച്ചത്.

ആവശ്യമായ അംഗീകാരങ്ങള്‍ നേടാതെയും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാതെയും പുതിയ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണിപ്പോള്‍ പ്രശ്‌നമായത്. അധ്യയനവര്‍ഷം പകുതിയായപ്പോഴാണ് കഴിഞ്ഞ വര്‍ഷം പുതിയ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പ്രാരംഭ നടപടി തുടങ്ങിയത്. ചില സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചും ഇതിനായി അനുകൂല ഉത്തരവ് നേടി.

ഐ.എന്‍.സി. പിന്നീട് ചില കോളേജുകളില്‍ പരിശോധന നടത്തിയെങ്കിലും 2024-25 വര്‍ഷത്തെ അംഗീകാരമാണ് നല്‍കിയത്. 2023-24 വര്‍ഷത്തെ അംഗീകാരം ഇനി എങ്ങനെ ലഭിക്കുമെന്നും വ്യക്തമല്ല. അംഗീകാരമില്ലാതെ കോളേജുകള്‍ തുടങ്ങുന്നതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് വിദ്യാര്‍ഥികളാണെന്ന് ഒരു മുതിര്‍ന്ന ഐ.എന്‍.സി. അംഗം പറഞ്ഞു. അവരുടെ ഉപരിപഠനത്തെയും ജോലിസാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കും. 2022-ല്‍ ഐ.എന്‍.സി. അംഗീകാരത്തോടെയാണ് സര്‍ക്കാര്‍ മഞ്ചേരിയിലും കൊല്ലത്തും നഴ്‌സിങ് കോളേജുകള്‍ തുടങ്ങിയത്.