- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സര്‍ക്കാര്‍ നല്കിയ ഭൂമിയിലെ തേക്ക് മോഷ്ടാക്കള്‍ മുറിച്ചു കടത്തി; ആദിവാസി കുടുംബത്തിന് 14.66 ലക്ഷം രൂപ പിഴയിട്ട് റവന്യു വകുപ്പ്
ഇരിട്ടി: സര്‍ക്കാറില്‍ നിന്നും പതിച്ചുകിട്ടിയ ഭൂമിയിലെ തേക്ക് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയതിന് ആദിവാസി കുടുംബത്തിന് 14,66,834 രൂപ പിഴയിട്ട് റവന്യുവകുപ്പ്. 20 കൊല്ലം മുന്പുനടന്ന സംഭവത്തിലാണ് ആദിവാസി കുടുംബം സര്‍ക്കാര്‍ നടപടി നേരിടുന്നത്. തില്ലങ്കേരി ശങ്കരന്‍കണ്ടി ആദിവാസി ഊരിലെ കെ.എസ്. സീതയ്ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അസുഖബാധിതയായ സീത നോട്ടീസുമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
മരങ്ങള്‍ മുറിക്കരുതെന്ന നിബന്ധനയോടെ 2003ലാണ് മട്ടന്നൂര്‍ കീച്ചേരിയില്‍ സീതയ്ക്ക് ഒരേക്കര്‍ റവന്യുവകുപ്പ് പതിച്ചുനല്‍കിയത്. ഭൂമി ലഭിച്ചതോടെ തില്ലങ്കേരി ശങ്കരന്കണ്ടിയിലെ തറവാട്ടുവീട്ടില്‍നിന്നും സീതയും മകളും പതിച്ചുകിട്ടിയ ഭൂമിയില്‍ പുരകെട്ടി താമസംതുടങ്ങി. അതിനിടയില്‍, മകള്‍ മരണപ്പെട്ടതോടെ വീണ്ടും ശങ്കരന്കണ്ടിയിലേക്ക് സീത താമസംമാറി.
അതിനിടയിലാണ് 24 കുറ്റി തേക്ക് മോഷ്ടിക്കപ്പെട്ടത്. കുടുംബം പോലീസില്‍ പരാതിനല്കിയെങ്കിലും മോഷ്ടാക്കളെ പിടികൂടിയില്ല. ഇതുസംബന്ധിച്ച് അന്നത്തെ തലശ്ശേരി തഹസില്ദാര്ക്കുള്പ്പെടെ കുടുംബം പരാതിനല്‍കി. മരം മുറിച്ചതിന് കുടുംബത്തിനെതിരായ നിയമനടപടി അവസാനിപ്പിക്കാമെന്ന ഉറപ്പും ബന്ധപ്പെട്ടവരില്‍നിന്നും കിട്ടിയിരുന്നതായി സഹോദരി ഇന്ദിര പറയുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. ഇതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് സീത. "14 ലക്ഷം പോയിട്ട് 14 രൂപപോലും ഞങ്ങളുടെപക്കലില്ല. പണമുണ്ടെങ്കില്‍ രോഗംപിടിപെട്ട് ഇവള് ഈ കോലത്തിലാകുമോ" സീതയെ ചൂണ്ടിക്കാട്ടി ഇന്ദിര ചോദിക്കുന്നു. ഇരിട്ടി താലൂക്ക് ഓഫീസിലെത്തിയപ്പോള്‍ പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രിക്ക് പരാതിനല്‍കാനാണ് ഇവര്‍ക്കുകിട്ടിയ മറുപടി.
നോട്ടീസ് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് പിഴയീടാക്കണമെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന് നോട്ടീസുനല്കിയതെന്ന് തില്ലങ്കേരി വില്ലേജ് ഓഫീസര്‍ ടി.കെ. സുധീപന് പറഞ്ഞു. ഫയല്‍ വര്‍ഷങ്ങളായി തീര്പ്പാകാതെകിടക്കുകയാണ്. കുടുംബങ്ങളില്‍നിന്ന് വിശദീകരണംതേടിയശേഷം സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.