കൊച്ചി: വയനാടിനെ പിന്തുണയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളാണ് സമൂഹത്തിന്റെ ഒരോ കോണില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒഴുകിയെത്തുന്നത്.ഇത്തരത്തില്‍ ക്യാമ്പിലേക്കാവശ്യമായ അരിയും ഉപ്പും ക്യാമ്പിലേക്ക് എത്തിച്ചിരിക്കുകയാണ് ബിഗ്ബോസ് താരം അഭിഷേക്.സ്വന്തമായി നല്‍കുന്നതിനൊപ്പം സ്ഥലത്ത് എത്തിച്ച് നല്‍കാന്‍ കഴിയാത്തവരില്‍ നിന്നും കലക്ട് ചെയ്തും അഭിഷേകും കൂട്ടുകാരും ക്യാമ്പുകളിലേക്കെത്തിച്ചു.

ഇത് സംബന്ധിച്ച വീഡിയോയും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.വിവിധ ഇടങ്ങളില്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കുന്നതും അത് കളക്ഷന്‍ സെന്ററില്‍ എത്തിക്കുന്നതുമായ വീഡിയോയാണ് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വയനാടിന് വേണ്ടി. വയനാട്ടിലെ അവസ്ഥ ഇതൊന്നും ഒന്നുമാകില്ലെന്നറിയാം. പക്ഷേ എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു. ബിഗ്ഗ്‌ബോസ് ഹൌസില്‍ ആദ്യം എത്തിയപ്പോള്‍ കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓര്‍മ എനിക്ക് ഉണ്ട് വളരെ പാടാണ് അങ്ങനെ കുടിക്കാന്‍ അതുകൊണ്ട് അരിയുടെ കൂടെ ഞാന്‍ ഉപ്പും വാങ്ങികൊടുക്കുന്നു.

വരുന്ന വഴി പല കളക്ഷന്‍ സെന്ററുകള്‍ കണ്ടു സന്തോഷം മലയാളികള്‍ ഒറ്റകെട്ടായി ജാതി , മതം , രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങിയിരിക്കുന്നു. ഞാനും ഒരു പ്രൌഡ് മലയാളിയാണ് - അഭിഷേക് വീഡിയോയ്ക്കൊപ്പം കുറിപ്പായി ഇട്ടിട്ടുണ്ട്. 'വീഡിയോ ഇട്ടത് വേറെ ഒന്നും കൊണ്ടല്ല, ഇത് കണ്ട് ഞങ്ങളെ ഫോളോ ചെയ്യുന്നവരും അതേ പാത തുടരുമെങ്കില്‍ അതിന് വേണ്ടിയാണ്' എന്നാണ് അഭിഷേകിന്റെ സുഹൃത്ത് ഈ പോസ്റ്റിന് അടിയിലിട്ട കമന്റ്.

അഭിഷേകിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തി. അഭിഷേകിന്റെ ചുവടുപിടിച്ച് നിരവധി പേര്‍ ഇത്തരത്തില്‍ വയനാടിനെ സഹായിക്കാന്‍ എത്തട്ടെയെന്നാണ് പോസ്റ്റിന് അടിയില്‍ വരുന്ന കമന്റ്.