കുമളി: കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിനകത്ത് ഓടിച്ചിരുന്ന ആള്‍ മാത്രമാണു ഉണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിരക്ഷാസേന തീ പൂര്‍ണമായും അണച്ചു.

അറുപത്തിയാറാംമൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികന്‍, കാറിനെ മറികടന്ന് ബൈക്ക് നിര്‍ത്തി കാറില്‍ നിന്നും ഡ്രൈവറോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ വന്നിടിച്ചു കയറുകയുമായിരുന്നു.

കാര്‍ ഓടിച്ചിരുന്നയാള്‍ ഡോര്‍ തുറന്ന് തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ശരീരം മുഴുവന്‍ വേഗത്തില്‍ തീപടരുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.