- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വെട്ടിക്കൊലപ്പെടുത്തി; അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ സി പി എം നേതാവ് അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കര്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാല് പ്രതികളെ വെറുതെവിട്ടു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ ഈ മാസം 30-ന് വിധിക്കും.
2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. കരഞ്ഞുകാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,120 (ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. ജയമോഹനു പുറമേ റിയാസ്, മാക്സണ്‍ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതേവിട്ടത്.
ഗിരീഷ്‌കുമാര്‍, പത്മന്‍, അഫ്‌സല്‍, നജുമല്‍, ഷിബു, വിമല്‍, സുധീഷ്, ഷാന്‍, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീര്‍, ഡിവൈഎഫ്ഐ നേതാവ് റിയാസ്, മാര്‍ക്സണ്‍, മുന്‍ സിപിഎം അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന്‍, സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍, ജയ്‌മോഹന്‍, റോയികുട്ടി, രവീന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണത്തിനു കളമൊരുങ്ങിയത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി.തോമസാണ് നാലു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്.
2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ക്കയറി കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐ.എന്‍.ടി.യു.സി നേതാവുമായ രാമഭദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാമഭദ്രന്‍ വധക്കേസില്‍ ആദ്യം കേസന്വേഷിച്ച ഡിവൈ.എസ്.പി വിനോദ് കുമാര്‍ കൂറുമാറിയത് വലിയ വിവാദമായിരുന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ച ഡിവൈ.എസ്.പി വിനോദ് കുമാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2019-ലാണ് സിബിഐ കേസില്‍ കുറ്റപത്രം നല്‍കിയത്. 126 സാക്ഷികളുണ്ടായിരുന്ന കേസില്‍ സിപിഎം പ്രവര്‍ത്തകരായ സാക്ഷികളും കൂറുമാറിയിരുന്നു.
2010 ഏപ്രില്‍ 10-ന് രാത്രി നടന്ന കൊലപാതകത്തിന്റെ വിചാരണ ഏറെ വൈകിയാണ് തുടങ്ങിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ രാമഭദ്രന്റെ കുടുംബം കോടതിയെ സമീപിച്ചതോടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകരെ പ്രതികളായി അറസ്റ്റ് ചെയ്തു. എന്നാല്‍, ഇടതുഭരണ കാലത്ത് നടത്തിയ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെന്ന് കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയാണു സി.ബി.ഐ അന്വേഷണത്തിന് അനുമതി നേടിയത്.
സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. ഇതില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളായി. രണ്ടാം പ്രതിയും സി.പി.എം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ. പത്മന്‍ വിചാരണക്കാലത്ത് ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതി സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്. സുമന്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നതും വിവാദമായിരുന്നു.
കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രന്‍ (44) വീടിനുള്ളില്‍ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മുന്നിലാണു കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഗിരീഷിനെ ചിലര്‍ മര്‍ദിച്ചതിനു പകരമായി സി.പി.എം പ്രവര്‍ത്തകര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ നെട്ടയം രാമഭദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്.