ഗുവാഹാട്ടി: മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടണമെന്നാഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യക കാഷ്വല്‍ ലീവ് അനുവദിക്കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നു. മാതാപിതാക്കള്‍ക്കൊപ്പമോ ഭാര്യ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമോ സമയം ചെലവിടാനാണിത്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് നവംബര്‍ ആറ്, എട്ട് തീയതികളില്‍ കാഷ്വല്‍ ലീവെടുക്കാം.

"പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടാനും അവരെ ആദരിക്കാനും പരിചരിക്കാനും മാത്രമാവണം ഈ പ്രത്യേക അവധി ഉപയോഗിക്കേണ്ടത്. വ്യക്തിപരമായ നേരമ്പോക്കിന് ഉപയോഗിക്കരുത്." -മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയുടെ ഓഫീസ് അറിയിച്ചു.

നവംബര്‍ ഏഴിന് ഛാഠ് പൂജ, ഒമ്പതിന് രണ്ടാം ശനിയാഴ്ച, 10-ന് ഞായറാഴ്ച എന്നിവയ്ക്ക് അവധി വരുന്നതിനാലാണ് ആറ്, എട്ട് തീയതികള്‍ അവധിക്കായി പരിഗണിച്ചത്.