കണ്ണൂര്‍: പിണറായി വിജയന്‍ തകര്‍ത്ത രാഷ്ട്രീയ ജീവിതമാണ് കണ്ണൂരിലെ ഒരു കാലത്തെ ജനകീയ നേതാവായി അറിയപ്പെട്ടിരുന്ന സി.കെ.പി. പത്മനാഭന്‍. വി എസ് അച്യുതാനന്ദനൊപ്പം നിന്നു എന്ന കാരണം കൊണ്ടാണ് അദ്ദേഹം ഇന്ന് അപ്രസക്തനായി മാറിയത്. പകരം പാര്‍ട്ടിയില്‍ വളര്‍ന്നതാകട്ടെ സാമ്പത്തിക താല്‍പ്പര്യം മാത്രമുള്ള ഒരുപറ്റം നേതാക്കളും. ഇപ്പോള്‍ രോഗാവസ്ഥയില്‍ അവശനാണ് സി.കെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട തോല്‍വിയില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കയാണ് പത്മനാഭന്‍.

പിണറായിയുടെ ഭരണശൈലിക്കെതിരെ തന്നെയാണ് സി.കെ.പി കണ്ണൂരിലെ പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു. പിണറായി വിജയന്റെ ആഢംബര ശൈലിക്കെതിരെയും സികെപി വിമര്‍ശിച്ചു. ഇഎംഎസിനെ ഉദാഹരിച്ചു കൊണ്ടായിരുന്നു വിമര്‍ശനം.

1957 ലെ ഇ.എം.എസ് സര്‍ക്കാരും സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നു. അന്ന് എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കി അംബാസിഡര്‍ കാറിലേ പോവുകയുള്ളുവെന്ന് അന്ന് ഇ.എം.എസ് അടക്കമുള്ളവര്‍ തീരുമാനിച്ചു. ചെലവു കുറയ്ക്കാന്‍ ആഡംബരം ഒഴിവാക്കി ചെറുപയറും കഞ്ഞിയുമാണ് മന്ത്രിമാര്‍ കഴിച്ചത്. ആ മാതൃക ജനങ്ങള്‍ സ്വീകരിച്ചു. ഇപ്പോഴും അതു തന്നെയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ശൈലിയാണ് ഇവിടെ സികെവി വിമര്‍ശിക്കുന്നത്.

ഇനി എത്ര കാലം താന്‍ ജീവിക്കുമെന്ന് പറയാനാവില്ല, അതുകൊണ്ടാണ് തുറന്നു പറച്ചിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാമ്പത്തിക വെട്ടിപ്പ് നടത്തിയതിനാണ് തന്നെ പുറത്താക്കിയതെന്ന പ്രചരണമാണ് അന്ന് അഴിച്ചുവിട്ടത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത് നോട്ട പിശകുണ്ടായെന്ന കുറ്റത്തിനാണ്. നോട്ട പിശകിന്റെ പേരില്‍ ഇന്ത്യയില്‍ തന്നെ പാര്‍ട്ടി നടപടിയെടുത്ത ഒരാള്‍ ഒരു പക്ഷെ താനാവുമെന്നും സി.കെ.പി പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തിലെ പാര്‍ട്ടി പങ്കിനെ കുറിച്ചും അദ്ദേഹ തുറന്നു പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധം കൊണ്ടു പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നു മാര്‍ക്‌സിസം തന്നെ പറയുന്നുണ്ട്. ടി.പി യില്ലാതെയായെങ്കിലും ആ ആശയം ഒരു പ്രസ്ഥാനമായി തന്നെ മാറുകയായിരുന്നു. കെ.കെ രമയടക്കമുള്ള നേതാക്കള്‍ അതില്‍ നിന്നും ഉയര്‍ന്നുവന്നു. തനിക്ക് ഏറെ ബന്ധമുള്ളയാളാണ് ടി.പി ചന്ദ്രശേഖരന്‍. താന്‍ തന്നെ ടി.പിയെ കൊന്നത് പാര്‍ട്ടിയാണെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ല. സംഭവം നടന്നപ്പോള്‍ ഡല്‍ഹിയില്‍ നിന്നുമൊക്കെ ആളുകള്‍ തന്നെ വിളിച്ചു പാര്‍ട്ടിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നാണ് താന്‍ പറഞ്ഞത്.

അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്ക് എതിരെ പരാതി നല്‍കിയെന്ന കാര്യം വസ്തുതാപരമാണ്. എന്നാല്‍ അതിന്റെ ശരിതെറ്റുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ല. അതിന്റെ ഉള്ളടക്കം ഇപ്പോഴും തള്ളിക്കളയാന്‍ കഴിയില്ല. തനിക്ക് രോഗം വരുത്തി വെച്ചത് പാര്‍ട്ടി തന്നെയാണ്. ഡയാലിസസ് രോഗിയായ താന്‍ എത്ര കാലം ഇനി ജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക് സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ തകൃതിയായിനടപ്പിലാക്കി കൊണ്ടിരിക്കെയാണ് സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു പാര്‍ട്ടി നടപടി നേരിട്ട തളിപ്പറമ്പ് മണ്ഡലം മുന്‍ എം.എല്‍എയും മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായസി. സി.കെ.പി പത്മനാഭന്‍ രംഗത്തു വന്നിരിക്കുന്നത്.

ഒരു കാലത്ത് കണ്ണൂരിലെ വി.എസ് അച്ചുതാനന്ദന്‍ പക്ഷത്തെ ഏക നേതാവായിരുന്നു സി.കെ. പി പത്മനാഭന്‍ 'തളിപ്പറമ്പ് മണ്ഡലം എം.എല്‍.എയായിരുന്ന അദ്ദേഹത്തിന് പകരമാണ് ജയിംസ് മാത്യുവിനെ പാര്‍ട്ടി മത്സരിപ്പിച്ചത്. ഇതിനു ശേഷം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലേക്ക് ഒതുക്കപ്പെടുകയായിരുന്നു സി.കെ. പി പത്മനാഭന്‍ എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദമായ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ നടന്ന രക്തസാക്ഷി ഫണ്ടു തിരിമറി ആരോപണത്തിലും പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മ്മാണ ക്രമക്കേടിലും പാര്‍ട്ടി ആരോപണ വിധേയനായ പയ്യന്നൂര്‍ എം.എല്‍ എ ടി.ഐ മധുസൂദനനെ സംരക്ഷിച്ചത് സി.കെ. പിയോടു കാണിച്ച ഇരട്ട നീതിയുടെ തെളിവാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.