- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാപ്പിക്കുരുവിന് വില കൂടി; 640 രൂപയിലെത്തി കാപ്പി പൊടി വില
കോട്ടയം: കാപ്പിപ്പൊടി വിലയും ഉയരുന്നു. ഒരു കിലോ കാപ്പിപ്പൊടിക്ക് വില 600 മുതല്‍ 640 രൂപവരെയായി. സര്‍വകാല റെക്കോഡാണിത്. കാപ്പിക്കുരുവിന് വില വര്‍ധിച്ചതാണ് കാപ്പിപ്പൊടി വില ഉയരാന്‍ കാരണം. കമ്പോള വില ഉയര്‍ന്നതും കാപ്പിക്കുരു കിട്ടാനില്ലാത്തതും മറ്റ് ചെലവുകള്‍ വര്‍ധിച്ചതുമെല്ലാം വില കൂടാന്‍ കാരണമായി.
കാപ്പിക്കുരുവിന് ശനിയാഴ്ച 202 രൂപയും കാപ്പി പരിപ്പിന് 360 രൂപയുമാണ് കമ്പോള വില. ഇത് ഇടനിലക്കാരിലൂടെ കാപ്പിപ്പൊടി നിര്‍മാണ ഫാക്ടറികളിലേക്ക് എത്തുമ്പോള്‍ വില വീണ്ടും ഉയരും. മാത്രമല്ല മികച്ചയിനം കാപ്പിക്കുരുവും പരിപ്പും ആവശ്യത്തിന് കിട്ടാനുമില്ല. വയനാട്, കൂര്‍ഗ്, ഹൈറേഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് മധ്യകേരളത്തിലെ മിക്ക കമ്പനികളും കാപ്പിക്കുരു ശേഖരിക്കുന്നത്.
പ്രമുഖ കാപ്പിപ്പൊടി നിര്‍മാതാക്കളെല്ലാം ഒരു കിലോ കാപ്പിപ്പൊടി 500-600 രൂപ നിരക്കിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. പ്രാദേശിക മില്ലുകളടക്കമുള്ള ചെറുകിട ഉത്പാദകര്‍ പൊടിച്ചുനല്‍കുന്നത് കിലോ 650 രൂപ നിരക്കിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 150 രൂപയോളമാണ് പെട്ടെന്ന് കൂടിയത്. സ്ഥിതി തുടര്‍ന്നാല്‍ കാപ്പിപ്പൊടി വില ഇനിയും ഉയര്‍ത്തേണ്ടിവരുമെന്ന് കമ്പനികള്‍ പറയുന്നു. കാപ്പി വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസകരമായെങ്കിലും ഉയര്‍ന്നകൂലിയും മറ്റ് ചെലവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.