പട്‌ന: പ്രതിപക്ഷത്തെ വനിതാ എം.എല്‍.എയോട് മോശം പരാമര്‍ശം നടത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിവാദത്തില്‍. ആര്‍.ജെ.ഡി. എം.എല്‍.എ. രേഖ ദേവിയോടാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. നിങ്ങള്‍ ഒരു സ്ത്രീയാണ്, നിങ്ങള്‍ക്ക് ഒന്നും അറിയില്ലേ എന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം.

ബിഹാറിന്റെ പ്രത്യേക പദവിയും സംവരണവും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ മുദ്രവാക്യമുയര്‍ത്തിയതോടെയാണ് മുഖ്യമന്ത്രി കോപാകുലനായത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയില്‍ ബഹളത്തിനിടയാക്കി. പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും നിതീഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനമുന്നയിച്ചു.

സ്ത്രീകള്‍ക്കെതിരായി നിരന്തരം അനുചിതമായി സംസാരിക്കുന്ന ആളാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് എക്‌സില്‍ കുറിച്ചു. സ്ത്രീകളെ കുറിച്ച് അനാവശ്യവും അപരിഷ്‌കൃതവുമായ അഭിപ്രായങ്ങള്‍ പറയുന്നത് നിതീഷ് കുമാറിന്റെ ശീലമായി മാറിയിരിക്കുകയാണെന്നും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമേറിയതും ആശങ്കാജനകവുമായ വിഷയമാണെന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.

നിതീഷ് കുമാര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി. വനിതാ എം.എല്‍.എയുടെ സൗന്ദര്യത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോശം പരാമര്‍ശം നടത്തിയതും തേജസ്വി യാദവ് പറഞ്ഞു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിജ്ഞാനിയും വ്യാഖ്യാതാവുമായി നിതീഷ് കുമാര്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹത്തിനല്ലാതെ ആര്‍ക്കും ഒന്നും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.