ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇത്തവണ അഭിമാന പോരാട്ടം. സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. രണ്ടു കൂട്ടര്‍ക്കും ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ആവേശം കനക്കും. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം.

അതുകഴിഞ്ഞാല്‍ പുലര്‍ച്ചെ അര്‍ജന്റീനയും കൊളംബിയയും നേര്‍ക്കു നേര്‍. അത് കോപ്പയിലെ രാജാവിനെ നിശ്ചയിക്കാന്‍. അവിടെ മെസി നായകനായ അര്‍ജന്റീനയ്ക്ക് പലരും നേരിയ മുന്‍തൂക്കം നല്‍കുന്നു. കൊളംബിയയുടെ പരുക്കന്‍ അടവുകള്‍ മെസിയെ വീഴ്ത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. പക്ഷേ തുല്യ ശക്തികളുടെ പോരാട്ടം നടക്കുന്നത് യൂറോയിലാണ്. അതുകൊണ്ട് തന്നെ ഫുട്‌ബോള്‍ സൗന്ദര്യം സ്‌പെയിനിന്റേയും ഇംഗ്ലണ്ടിന്റേയും പോരാട്ടത്തില്‍ പ്രതീക്ഷിക്കുകായണ് കളിപ്രേമികള്‍.

കൗമാരവിസ്മയം ലമിന്‍ യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്പെയിനിനെ താരമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാല്‍ മറ്റൊരു മെസിയാകുമോ എന്ന ചോദ്യവും സജീവം. തുടരെ രണ്ടു യൂറോ കിരീടങ്ങളും ലോകകപ്പും സ്വന്തമാക്കിയ 2008-12 സുവര്‍ണകാലഘട്ടത്തിനുശേഷം ആദ്യമായാണ് ടീം ഫൈനല്‍ കളിക്കുന്നത്. യമാല്‍ എന്ന യുവതാരത്തിന്റെ പിറവി ഈ യൂറോകപ്പില്‍ കണ്ടു. ഫ്രാന്‍സിനെതിരേയുള്ള ഒറ്റ ഗോളില്‍ താരമായ ബാഴ്‌സലോണാ ടീമിന്റെ കരുത്ത്.

റോഡ്രിയും ഫാബിയന്‍ റൂയിസുമാണ് സ്പാനിഷ് മിഡ്ഫീല്‍ഡിന്റെ അച്ചുതണ്ട്. ഡാനി ഓല്‍മോയും മികവുതെളിയിച്ചതോടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡും ഉണര്‍ന്നു. കരുത്തരായ ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ ടീമുകളെ മറികടന്നെത്തിയ സ്പെയിന്‍ ജയിച്ചാല്‍ നാലു യൂറോകിരീടങ്ങള്‍ (1964, 2008, 2012) നേടുന്ന ആദ്യടീമാകും.
2012-ലെ യൂറോ കപ്പ് വിജയത്തിനു ശേഷം സ്പെയിന്‍ ഇതാദ്യമായാണ് ഫൈനല്‍ കളിക്കുന്നത്. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് ഇംഗ്ലണ്ട് കലാശ പോരിന് ഇറങ്ങുന്നത്. സ്വന്തം മണ്ണില്‍ 1966-ല്‍ ലോകകപ്പ് നേടിയശേഷം പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ യൂറോ ഫൈനലില്‍ സ്വന്തം നാട്ടില്‍ ഇറ്റലിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റു. 58 വര്‍ഷത്തിനിടയിലെ ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റും സ്‌പെയിന്‍ തന്നെയാണ് ഫൈനലിലെ മികച്ച ടീം എന്ന് സമ്മതിക്കുന്നു. അപ്പോഴും ഇംഗ്ലണ്ടിന്റെ കരുത്ത് ആരാധകര്‍ക്ക് അറിയാം.

കോപ്പയിലും ലക്ഷ്യം പലത്

ലയണല്‍ മെസ്സിക്കൊരു കിരീടം' എന്നതായിരുന്നു കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു മുന്‍പ് അര്‍ജന്റീന ടീമിന്റെ ആഗ്രഹം. ഇത്തവണത്തെ ലക്ഷ്യം മെസ്സി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു ഏയ്ഞ്ചല്‍ ഡി മരിയയ്ക്കായി ഒരു കപ്പ്!

കോപ്പയിലും യൂറോ കോപ്പ ജേതാക്കള്‍ ഏറ്റുമുട്ടിയ ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം ടീമിന്റെ വിജയശില്‍പിയായ ഡി മരിയയ്ക്കു വിടവാങ്ങല്‍ മത്സരത്തില്‍ വിജയം വേണം. ടൂര്‍ണമെന്റിനു ശേഷം മെസ്സിയും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കാം എന്ന സാധ്യതയുമുണ്ട്.